ഡല്‍ഹിയില്‍ നാളെയും മഴ തകര്‍ത്ത് പെയ്യും: ഗാന്ധി സ്മൃതി മണ്ഡപത്തിലും വെള്ളം കയറി

July 15, 2023
25
Views

വെള്ളപ്പൊക്കത്തില്‍ നട്ടംതിരിയുന്ന ഡല്‍ഹി നഗരത്തിന് ആശ്വാസം ഉടനുണ്ടാവില്ല. ശനിയാഴ്ച്ചയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തില്‍ നട്ടംതിരിയുന്ന ഡല്‍ഹി നഗരത്തിന് ആശ്വാസം ഉടനുണ്ടാവില്ല. ശനിയാഴ്ച്ചയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

യമുന നദിയിലെ ജലനിരപ്പ് കുറയുന്നതാണ് താല്‍ക്കാലിക ആശ്വാസം. വൈകീട്ട് ആറ് മണിയോടെ 208.17 മീറ്ററായി ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച്ച അധികം വര്‍ധിച്ചില്ലെങ്കിലും, വൈകീട്ടോടെ ഇത് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.

ഐടിഒയിലും, രാജ്ഘട്ടിലുമെല്ലാം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് പരിശോധന നടത്തി. ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിനെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കശ്മീരി ഗേറ്റ്, ചെങ്കോട്ട, സിവല്‍ ലൈന്‍സ്, രാജ്ഘട്ട്, ഐടിഎ എന്നിവയെല്ലാം വെള്ളത്തെ തുടര്‍ന്ന് മുങ്ങി. യമുന നദി കരകവിഞ്ഞതാണ് വെള്ളം ഉയരാന്‍ കാരണമായത്.

ഹരിയാനയിലെ ഹാഥ്‌നികുണ്ഡ് ബരേജില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നതും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളെ വെള്ളപ്പൊക്കത്തില്‍ കാണാതായിരിക്കുകയാണ്. ഇവര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മെട്രോ നിര്‍മാണ സൈറ്റിന് സമീപമാണ് കുട്ടികള്‍ മുങ്ങി മരിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മുകുന്ദ്പൂര്‍ ചൗക്കിലാണ് ഇവര്‍ മരിച്ചതെന്നും, കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ദുരന്തമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. ഡിഎംആര്‍സി ഇതിന് വ്യത്യസ്ത കാരണമാണ് പറയുന്നത്. ഞങ്ങളുടെ സ്ഥലത്ത് ഇത്തരമൊരു അപകടം ഉണ്ടായിട്ടില്ല. അവിടേക്കുള്ള പ്രവേശനം സാധ്യമല്ല. ബാരിക്കേഡുകള്‍ വെച്ച്‌ അടച്ചിരിക്കുകയാണെന്നും ഡിഎംആര്‍സി പറഞ്ഞു. അതേസമയം ഓഖ്‌ല വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലും നേരത്തെ വെള്ളം കയറിയിരുന്നു. ഇത് വെള്ളിയാഴ്ച്ച വൈകീട്ട് തുറന്നിട്ടുണ്ട്. വാസിറാബാദ്, ചന്ദ്രാവല്‍ പ്ലാന്റുകള്‍ ജലനിരപ്പ് കുറഞ്ഞാല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.

റായ്ഗഡിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലും വെള്ളം കയറിയിരിക്കുകയാണ്. സ്്മൃതി മണ്ഡപത്തിന്റെ പ്രവേശന വാതില്‍ മുതല്‍ മാര്‍ബില്‍ പ്ലാറ്റ്‌ഫോം വരെയാണ് വെള്ളം കയറിയിരിക്കുന്നത്. ഗാന്ധി മാര്‍ഗിലെ ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. സരായ് കാലേ ഖാന്‍ മുതല്‍ ഐപി ഫ്‌ളൈഓവര്‍ വരെയും, ഭൈരോണ്‍ റോഡിലുമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഇവിടെയെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ആര്‍ട്ടീരിയല്‍ ഐടിഒ ജംഗ്ഷനുകളിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ ഡല്‍ഹി ട്രാഫിക് പോലീസ് യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

റിംഗ് റോഡ്, ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷന്‍, ഐപി ഡിപ്പോ, വികാസ് മാര്‍ഗ്, എന്നിവയെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. വികാസ് മാര്‍ഗ് പോലീസ് അടച്ചിരിക്കുകയാണ്. ഇവിടെ ദീര്‍ഘനേരമാണ് വാഹനങ്ങള്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി കിടക്കുന്നത്. യമുനയ്ക്ക് മുകളില്‍ മെട്രോ ബ്രിഡ്ജ് നിര്‍മിക്കുന്ന ജോലികളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *