തുടർച്ചയായ മഴയും ശുചീകരണ പ്രവർത്തനങ്ങളിലെ പാളിച്ചയും; കേരളത്തിൽ ഡെങ്കിപ്പനി ബാധിതർ ഇനിയും കൂടാൻ സാധ്യത

November 3, 2021
213
Views

തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി ബാധിതർ ഇനിയും കൂടും. നിലവിൽ രോ​ഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അടിക്കടി ഉള്ള മഴയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതും രോ​ഗ വ്യാപനത്തിന് കാരണമായി. കഴിഞ്ഞ 2 മാസമായി രോ​ഗ ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യകത്മാക്കുന്നത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രതയും കൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2783പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോ​ഗ ലക്ഷണങ്ങളുമായി ചികിൽസ തേടിയത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോ​ഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോ​ഗം സ്ഥീകരിച്ച 12 പേരും ഉൾപ്പെടെ 31 പേരാണ് മരിച്ചത്.

കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിരുന്നു. അതിന് കാരണം കൊറോണയുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ആയിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തിൽ അന്ന് രോ​ഗ പകർച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തിൽ അവസാനമായി ഡെങ്കിപ്പനി പടർന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും വലിയ രോ​ഗ പകർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക് ‍ഡൗൺ കാത്തു.

അടിക്കടിയുള്ള മഴ രോ​ഗ വ്യാപനത്തിന്റെ പ്രധാന കാരണമാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ വലിയ തോതിൽ നടത്തിയിട്ടുമില്ല. ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകർച്ച വ്യാധിയും പടർന്നു തുടങ്ങി.

നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന മൺസൂൺ കാലം അതീവ ജാ​ഗ്രത വേണ്ട സമയമാണ്. ഇപ്പോഴത്തെ നില തുടർന്നാൽ വരുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വലിയ തോതിൽ പടരും. മരണ നിരക്കും ഉയരും. കൊതുകു നിവാരണം ഉൾപ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പകർച്ചവ്യാധിയാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

തോട്ടം മേഖലകൾ, തീരദേശ മേഖലകൾ, ന​ഗരങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി രോ​ഗ ബാധ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വീടിനുള്ളിലും വീടിന് പുറത്തുമുള്ള വെള്ളക്കെട്ടുകൾ, വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, ചെടിച്ചട്ടി, ടയർ, ചിരട്ട അങ്ങനെ കൊചുകിന് വളരാനുള്ള സാഹചര്യമുള്ള ഇടങ്ങളിൽ കർശന നിരീക്ഷണം അനിവാര്യമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *