കായംകുളത്ത് എം.ഡി.എം.എയുമായി യുവാവ് പ്രതി പിടിയില്‍

May 21, 2023
10
Views

മാരക മയക്കുമരുന്നുമായി ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കായംകുളം: മാരക മയക്കുമരുന്നുമായി ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങള്‍ വിലവരുന്ന 84 ഗ്രാം എം.ഡി.എം.എയുമായി വള്ളികുന്നം കടുവിനാല്‍ മലവിള വടക്കേതില്‍ സഞ്ചുവാണ് (32) കായംകുളത്ത് പിടിയിലായത്.

ബംഗളൂരൂവില്‍നിന്ന് ബസില്‍ എത്തിയ ഇയാളെ കെ.എസ്.ആര്‍.ടി.സിക്ക് സമീപം കമലാലയം ജങ്ഷനില്‍നിന്നാണ് പിടികൂടിയത്. വള്ളികുന്നത്തേക്ക് വാഹനം കാത്തുനില്‍ക്കവെ ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് വളയുകയായിരുന്നു.മയക്കുമരുന്നു വില്‍പനയടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ വള്ളികുന്നം ഭാഗത്തെ പ്രധാന ലഹരി കച്ചവടക്കാരനാണ്.

ഭാര്യയും മയക്കുമരുന്ന് കച്ചവടത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടാണ് പ്രധാന കച്ചവടകേന്ദ്രം. യുവാക്കള്‍ ഇയാളുടെ വീട്ടില്‍ സംഘടിക്കുക പതിവായിരുന്നെങ്കിലും പലപ്പോഴും പൊലീസ് പരിശോധനയില്‍ രക്ഷപ്പെടുകയായിരുന്നു. വിദഗ്ധമായി ഒളിപ്പിക്കുന്നതിനാല്‍ തൊണ്ടി കണ്ടെത്താന്‍ സാധിക്കാറില്ല.

ബംഗളൂരുവില്‍നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളില്‍ വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്.ഗ്രാമിന് 3000 മുതല്‍ 5000 രൂപക്കുവരെയാണ് വിറ്റിരുന്നത്. കാപ്പ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇറങ്ങിയത്.ഇതിനുശേഷം മൂന്നുതവണ ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *