മയക്കുമരുന്നു കേസ്: റാണാ ദഗ്ഗുബാട്ടിയെയും രാകുല്‍ പ്രീത് സിങ്ങിനെയും ഇ.ഡി. ചോദ്യം ചെയ്യും

August 26, 2021
158
Views

ന്യൂഡെൽഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ 12 പേരെ മയക്കുമരുന്നു കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.).

നാലുവർഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബർ ആറിനും റാണയോട് സെപ്റ്റംബർ എട്ടിനും രവി തേജയോട് സെപ്റ്റംബർ ഒൻപതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ പുരി ജഗന്നാഥ് സെപ്റ്റംബർ 31-നാണ് ഹാജരാകേണ്ടത്.

മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന അന്വേഷണം ഇ.ഡി ആരംഭിച്ചത്.

അതേസമയം രാകുൽ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇവർ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കാളികളായിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് തെലങ്കാന എക്സൈസ് വകുപ്പ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11 പേർ സിനിമാമേഖലയുമായി ബന്ധമുള്ളവരാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *