പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; സഹോദരങ്ങളായ അമല്‍ജിത്തും അഖില്‍ജിത്തും കീഴടങ്ങി

February 10, 2024
0
Views

പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി.

തിരുവനന്തപുരം : പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി.

നേമം സ്വദേശികളായ അഖില്‍ജിത്ത്, സഹോദരൻ അമല്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് ഇവരെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നല്‍കും.

മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖില്‍ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും ഒളിവില്‍ പോയതാണ് പൊലീസിന് സംശയം ഇരട്ടിക്കാൻ കാരണമായത്.

ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പി.എസ്.സി പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളില്‍ നിന്ന് ഓടിപ്പോയത്. ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്ബർ മുറിയിലിരുന്ന ഉദ്യോഗാർത്ഥി ഹാള്‍ടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. പ്രാഥമിക പരീക്ഷയില്‍ 55.44 മാർക്കിനു മുകളില്‍ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമല്‍ജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച്‌ പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം. പ്രാഥമിക പരീക്ഷയിലും ഇയാള്‍ ആള്‍മാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.

സ്കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു,

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *