അമ്മയെ അവസാനമായി കാണാനായില്ല; കിഫ്ബിയുടെ മെല്ലെപ്പോക്കിനെതിരെ ഗണേഷ്‌, പിന്തുണച്ച് ഷംസീര്‍

August 6, 2021
231
Views

തിരുവനന്തപുരം: കിഫ്ബി റോഡ് പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കലിനെ വിമര്‍ശിച്ച്‌ ഗണേഷ്‌കുമാര്‍ എം.എല്‍.എ. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. പദ്ധതികളില്‍ കാലതാമസം ഉണ്ടാകുന്നതിനെതിരെ നിയമസഭയില്‍ ഗണേഷ്‌കുമാര്‍ വൈകാരികമായാണ് പ്രതികരിച്ചത്. 2017 ല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രഖ്യാപിച്ച കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നത് വ്യക്തമാകുന്നതിനിടെയാണ് തന്റെ വ്യക്തിജീവിതത്തിലുണ്ടായ അനുഭവം ഗണേഷ്‌കുമാര്‍ പങ്കുവെച്ചത്.

അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ വിവരമറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പുറപ്പെട്ടപ്പോള്‍ 20 മിനിറ്റ് വെഞ്ഞാറമൂട്ടില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നും അവസാനമായി അമ്മയെ ജീവനോടെ കാണാനായില്ലെന്നും ഗണേഷ് പറഞ്ഞു. വെഞ്ഞാറമുട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്ബളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗണേഷിനെ പിന്തുണച്ച്‌ എ.എന്‍ ഷംസീര്‍ എം.എല്‍.എയും രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ മറുപടി. പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജൂലൈ 27ന് ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍വേ വകുപ്പിനു കീഴില്‍ തന്നെ സര്‍വെയര്‍മാരെ താല്‍ക്കാലികമായി നല്‍കണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സ്വതന്ത്രമായി സര്‍വേയര്‍മാരെ അനുവദിക്കാനാകില്ലെന്നു റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *