ഗസ്സ വെടിനിര്‍ത്തല്‍: യു.എൻ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച്‌ അന്റോണിയോ ഗുട്ടെറസ്

December 8, 2023
21
Views

ഗസ്സയിലെ ഇസ്രായേല്‍ ക്രൂരത രണ്ടുമാസം പിന്നിടുമ്ബോള്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടാൻ രക്ഷാസമിതി യോഗം

യുനൈറ്റഡ് നേഷൻസ്: ഗസ്സയിലെ ഇസ്രായേല്‍ ക്രൂരത രണ്ടുമാസം പിന്നിടുമ്ബോള്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടാൻ രക്ഷാസമിതി യോഗം വിളിച്ച്‌ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുെട്ടറസ്.

യു.എൻ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം പ്രത്യേകാധികാരം പ്രയോഗിച്ച്‌ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങള്‍ക്ക് സെക്രട്ടറി ജനറല്‍ കത്തയക്കുകയായിരുന്നു.

ഗസ്സയിലെ സാധാരണക്കാരായ ജനങ്ങള്‍ യുദ്ധംമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും ഇനിയും ആക്രമണം തുടര്‍ന്നാല്‍ വൻ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം വ്യാപിക്കാതിരിക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും ശ്രമങ്ങള്‍ ഊര്‍ജിതമാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനുള്ള രക്ഷാസമിതി യോഗം ഈയാഴ്ച നടക്കുമെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു.

ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങളും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള കരട് പ്രമേയം രക്ഷാസമിതി അംഗരാജ്യമായ യു.എ.ഇ ബുധനാഴ്ച മറ്റു അംഗരാജ്യങ്ങള്‍ക്ക് അയച്ചിരുന്നു. അറബ് മന്ത്രിതല സംഘവും ഓര്‍ഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ (ഒ.ഐ.സി) പ്രതിനിധികളും വ്യാഴാഴ്ച അമേരിക്കയിലെത്തി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. ഗസ്സ ആക്രമണത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയും വെടിനിര്‍ത്തലിനെ എതിര്‍ക്കുകയും ചെയ്യുന്ന അമേരിക്കക്ക് യു.എൻ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുണ്ട്. രക്ഷാസമിതി പ്രമേയം പാസാക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് ഉപസ്ഥാനപതി റോബര്‍ട്ട് വുഡ് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു.

അതേസമയം, പ്രത്യേകാധികാരം പ്രയോഗിച്ച സെക്രട്ടറി ജനറലിന്റെ നടപടിക്കെതിരെ യു.എന്നിലെ ഇസ്രായേല്‍ സ്ഥാനപതി ജിലാദ് എര്‍ദാൻ രംഗത്തെത്തി. ഇസ്രായേലിനെതിരെ പക്ഷപാതപരമായാണ് ഗുട്ടറസ് പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഹമാസിനെ സഹായിക്കാനാണെന്നും ആരോപണം ഉന്നയിച്ചു. ഗുട്ടറസ് പദവിയില്‍ തുടരുന്നത് ലോകസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *