‘മാപ്പ്, അല്ലെങ്കില്‍ ഒരു കോടി രൂപ’; സുരേന്ദ്രന് എച്ച് സലാമിന്റെ വക്കീല്‍ നോട്ടീസ്

January 1, 2022
155
Views

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മാപ്പ് പറയണം, അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ എച്ച് സലാം ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു. ആലപ്പുഴ ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് സുരേന്ദ്രന്‍ എച്ച് സലാമിനെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. ഡിസംബര്‍ 21ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും നടത്തിയത്. 25ന് കോട്ടയത്ത് നടത്തിയ മാധ്യമപ്രതികരണത്തിലുംം സുരേന്ദ്രന്‍ ഇക്കാര്യം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് എച്ച് സലാം നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം എച്ച് സലാം നടത്തിയ പ്രതികരണം:

നാക്കിന് എല്ലില്ലാത്ത ഒരു വര്‍ഗ്ഗീയവാദിയുടെ പുലമ്പലാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്നലെ നടത്തിയ പ്രസ്താവന. ഈ പുലമ്പലിന് കറുകംപുല്ലിന്റെ വില പോലും കല്പിക്കുന്നില്ല..ആലപ്പുഴയിലെ നിഷ്ടൂരമായ കൊലപാതകത്തെ മുന്‍നിര്‍ത്തി ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്തുവാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഡാലോചനയുണ്ട് എന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് CPIM നും പോലീസിനും എതിരെ കെ. സുരേന്ദ്രന്‍ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

.വ്യക്തിപരമായി എനിക്കെതിരെയും നട്ടാല്‍ കുരുക്കാത്ത പച്ചനുണ പ്രചരിപ്പിക്കുകയാണ്. അന്വേഷണത്തെ വഴിതിരിക്കുവാന്‍ വേണ്ടിയുള്ള ഗൂഢമായ നീക്കമാണ് ഇപ്പോള്‍ സുരേന്ദ്രന്‍ നടത്തുന്നത്.. പത്രസമ്മേളനത്തില്‍ വ്യക്തിപരമായി എനിക്കെതിരെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം ശുദ്ധഅസംബന്ധമാണ്.MLA യായ ഞാനും CPIM ഉം SDPI യെ സഹായിച്ചു എന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന..അടിസ്ഥാനരഹിതമായ ആരോപണം എനിക്കെതിരെ ഉന്നയിച്ചു കൊണ്ട് വ്യക്തിപരമായ അധിക്ഷേപം നടത്തിയ കെ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും.. സ്‌കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ എസ്. എഫ്. ഐ യിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച ഞാന്‍ CPI (M) ല്‍ അംഗമായിട്ട് 30 വര്‍ഷമായി.. SFI യുടെയും DYFI യുടേയും ഇപ്പോള്‍ CITU വിന്റെയും ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചു..

എന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും മതനിരപേക്ഷ നിലപാടും അമ്പലപ്പുഴയിലെയും ആലപ്പുഴയിലേയും ജനങ്ങള്‍ക്ക് നല്ല ബോധ്യമാണ്.. അതുകൊണ്ടാണ് ഇതുപോലെ കടുത്ത വര്‍ഗ്ഗീയ പ്രചരണവും പച്ചക്കള്ളങ്ങളും BJP യും യു ഡി എഫും തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചിട്ടും നിങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞത്.. നിങ്ങള്‍ SDPI യെ ചേര്‍ത്ത് എനിക്കെതിരെ പ്രചരണം നടത്തിയ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ SDPI യും വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരിച്ച ഏക സീറ്റ് അമ്പലപ്പുഴ ആയിരുന്നു എന്ന കാര്യവും മറന്നു പോകരുത്..എന്റെ മതനിരപേക്ഷ നിലപാടിന് കെ. സുരേന്ദ്രനെ പോലുള്ള വര്‍ഗ്ഗീയവാദികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.. ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് പേരുടെയും വീടുകളില്‍ അന്ന് തന്നെ പോയിരുന്നു.. മരണപ്പെട്ട ഷാനിന്റെ കുടുംബവീടും ഭാര്യവീടും രഞ്ജിത്ത് ശ്രീനിവാസന്റെ വീടും ഞാന്‍ പ്രതിനിധീകരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലാണ് …എനിക്ക് നേരിട്ട് അറിയാവുന്നവരാണ് മരണപ്പെട്ട രണ്ട് പേരും.. ഞാനും രഞ്ജിത്തും ആലപ്പുഴ SD കോളേജില്‍ പഠിച്ചവരാണ്. ആ സമയം മുതല്‍ രഞ്ജിത്തിനെ അറിയാം.. ഷാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം മുതല്‍ ഷാനെയും അറിയാം.. രണ്ട് പേരെയും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ.. സംഭവങ്ങള്‍ക്ക് ശേഷം ആദ്യം BJP നേതാവ് രഞ്ജിത്തിന്റെ വീട്ടിലായിരുന്നു പോയത്.

എനിക്കൊപ്പം കൗണ്‍സിലര്‍മാരായ കവിത ടീച്ചര്‍, ഹുസൈന്‍, അജേഷ്, ബി.നസീര്‍ എന്നിവര്‍ ഉണ്ടായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് ക്രൂരമായി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും നിലവിളി മനുഷ്യത്വമുള്ള ഒരാള്‍ക്കും കണ്ടു നില്‍ക്കുവാന്‍ കഴിയുന്നതായിരുന്നില്ല. അമ്മയുടെ തലയിലും കൈയ്യിലും പിടിച്ചു കൊണ്ട് കുറച്ച് സമയം നിന്നു .. രണ്ടാമത് മണ്ണഞ്ചേരിയിലെ ഷാനിന്റെ വീട്ടിലും സമീപത്തുള്ള ഗ്രൗണ്ടിലും പോയി.. ഷാനെയും വാഹനം ഇടിച്ചു പരിക്കേല്പിച്ചതിന് ശേഷം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. മനം തകര്‍ന്നു നില്‍ക്കുന്ന വാപ്പയേയും ഉമ്മയേയും മക്കളേയും സഹോദരിയെയും കണ്ടു ആശ്വസിപ്പിച്ചു.. ആ ദിവസം ചില ബി.ജെ. പി ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് H.സലാം MLA SDPI ക്കാരന്റെ വീട് സന്ദര്‍ശിച്ചെന്നും രഞ്ജിത്തിന്റെ വീട്ടില്‍ വന്നില്ല എന്നുമാണ്.. ഒരു പ്രവര്‍ത്തകന്‍ മരിച്ചു കിടക്കുമ്പോഴും നെറിവില്ലാത്ത വര്‍ഗ്ഗീയ രാഷ്ട്രീയമാണ് ഇവര്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചത്. രണ്ട് പേര്‍ക്കും രണ്ട് പെണ്‍മക്കളാണ്. ഈ കുടുംബങ്ങളെ അനാഥരാക്കിയത് SDPI യുടെയും BJP യുടെയും വര്‍ഗ്ഗീയ ,കൊലപാതക രാഷ്ട്രീയമാണ്.. ഷാനിന്റെ മരണം ആനന്ദത്തോടെയും ആഹ്ലാദത്തോടെയും ആമോദത്തോടെയുമാണ് ഞങ്ങള്‍ കാണുന്നത് എന്നാണ് SDPI യുടെ സംസ്ഥാന നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. പാലക്കാട് ഒരു പ്രവര്‍ത്തകന്‍ മരണപ്പെട്ടപ്പോള്‍ ചിരിച്ചുല്ലസിച്ചു കൊണ്ടാണ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്…

സ്വന്തം പ്രവര്‍ത്തകര്‍ നഷ്ടപ്പെടുമ്പോഴും രാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗീയതയുടെയും കഴുകന്‍ കണ്ണ് മാത്രമാണ് ഇവര്‍ക്കുള്ളത്. ഈ കുടുംബങ്ങളോട് ഉത്തരം പറയേണ്ടത് സുരേന്ദ്രനെ പോലുള്ള നേതാക്കളാണ്… കൊലപാതകങ്ങളുടെ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളിലേക്ക് അന്വേഷണം എത്തിച്ചേരുമെന്ന് ബോധ്യമാകുന്ന ഘട്ടത്തിലാണ് അസംബന്ധമായ കള്ളപ്രചരണവുമായി അദ്ദേഹം എത്തിയിരിക്കുന്നത്..എന്ത് പ്രചാരണം നിങ്ങള്‍ നടത്തിയാലും BJP ക്കും SDPI ക്കും എതിരെയുള്ള പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ല..തന്റെയൊന്നും കള്ളപ്രചരണം കൊണ്ട് തകരുന്നതല്ല ഞങ്ങളുടെ യൊന്നും ജീവിതവും രാഷ്ട്രീയവും.. ഞങ്ങളുടേത് നല്ല അന്തസുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ്… അത് തന്നെപോലുള്ള വര്‍ഗ്ഗീയ വാദികള്‍ക്ക് മനസിലാകില്ല..ലക്ഷണമൊത്ത ഒരു വര്‍ഗീയ വാദിയാണെന്ന് സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി കേരളത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *