തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി; കൂട്ടിലാക്കാൻ ശ്രമം തുടരുന്നു.
മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്.
വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹനുമാൻ കുരങ്ങ് പുറത്തുചാടിയത്. പരീക്ഷണ അടിസ്ഥാനത്തില്‍ കൂട് തുറക്കുന്നതിനിടെയാണ് അക്രമസ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടുന്നതിനായി മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിവരുന്നതിനിടെയിലാണ് കുരങ്ങ് തിരിച്ചെത്തിയത് .മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേര്‍ന്നുള്ള ഭാഗത്താണിത്. രാവിലെ മുതല്‍ ബൈനോക്കുലറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കുരങ്ങിനെ കണ്ടെത്താൻ ശ്രമം നടക്കുകയായിരുന്നു.
അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെ അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
കുരങ്ങ് ചാടിപ്പോയ സാഹചര്യത്തില്‍ പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മൃഗശാല അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം.