കറികൾ ഉണ്ട്, എന്നാൽ വെള്ളം പോലെയാണ്: അൽപ്പം ഉളുപ്പുണ്ടെങ്കിൽ മനോരമ ന്യൂസ് മാപ്പ് പറയണമെന്ന് ഹരീഷ് വാസുദേവൻ

October 7, 2021
154
Views

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളിലെ ഗുണമേന്മയില്ലാത്ത ഭക്ഷണത്തെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ രംഗത്ത്. ജനകീയ ഹോട്ടലുകളിലെ ഭക്ഷണത്തെക്കുറിച്ച് പച്ചനുണയാണ് മനോരമന്യൂസ് ഹെഡിങ്ങിൽ പറഞ്ഞതെന്നും കുടുംബശ്രീക്കാരുടെ ജനകീയ ഊണിനെ താറടിക്കാൻ ഹെഡിങ് ഇട്ട സ്ഥാപനത്തിന്റെ ദുരുദ്ദേശമെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അൽപ്പം ഉളുപ്പുണ്ടെങ്കിൽ മനോരമന്യൂസ് എന്ന സ്ഥാപനം കേരളത്തിലെ കുടുംബശ്രീ പ്രവർത്തകരോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാർത്തയുടെ കണ്ടന്റിനെപ്പറ്റി നേപ്പറ്റി നേരത്തേ ഇട്ട പോസ്റ്റിനു താഴെയാണ് ഈ സ്‌ക്രീൻ ഷോട്ട് കണ്ടത്. കറികൾ ഉണ്ട്, എന്നാൽ വെള്ളം പോലെയാണ് എന്നാണ് റിപ്പോർട്ടർ റിപ്പോർട്ടിൽ പറയുന്നത്. അതിൽപ്പോലും പറയാത്ത, പച്ചനുണയാണ് മനോരമന്യൂസ് ഹെഡിങ്ങിൽ പറഞ്ഞത്.

നൂറുകണക്കിന് ഹോട്ടലുകളിൽ ശരിയായി കൊടുക്കുന്ന ജനകീയ ഊണിനിടെ, കോഴിക്കോട്ട്ന്ന് വാങ്ങിയ രണ്ടു ചോറിലുള്ള കുഴപ്പം ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോർട്ട് വെച്ച് കേരളം മുഴുവനുമുള്ള കുടുംബശ്രീക്കാരുടെ ജനകീയ ഊണിനെ താറടിക്കാൻ ഹെഡിങ് ഇട്ട സ്ഥാപനത്തിന്റെ ദുരുദ്ദേശം, ആ പോസ്റ്റിൽ പലരും ഈ സ്‌ക്രീൻ ഷോട്ട് ഇടുംവരെ എനിക്ക് ബോധ്യമായിരുന്നില്ല.

വാർത്തയിലെ റിപ്പോർട്ടറുടെ കൺസേൺ ശരി വെയ്ക്കുമ്പോഴും, ഇക്കാണിച്ച ജനറലൈസേഷൻ തോന്നിയവാസവും ദുരൂപദിഷ്ടവുമാണ്. അൽപ്പം ഉളുപ്പുണ്ടെങ്കിൽ മനോരമന്യൂസ് എന്ന സ്ഥാപനം കേരളത്തിലെ കുടുംബശ്രീ പ്രവർത്തകരോട് മാപ്പ് പറയണം. ഇതിനെതിരായ പ്രതികരണങ്ങൾ ചേർന്ന് കേരളത്തിൽ എവിടെയൊക്കെ നല്ല ജനകീയ ഊണ് കിട്ടുമെന്ന് അറിയാനുള്ള ഒരു സോഷ്യൽ മീഡിയ ക്യാംപെയ്‌നായി മാറിയത് നന്നായി. ലൊക്കേഷൻ കാണിക്കുന്ന ഒരു ആപ്പ് തന്നെ ഉണ്ടാക്കുകയോ, ജനകീയ ഊണ് എന്നു ഗൂഗിൾ മാപ്പിൽ മാർക്ക് ചെയ്യുന്ന തരത്തിലോ ഇത് വളരണം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *