തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ഇത് തീവ്രന്യൂനമര്‍ദ്ദം ആയി രൂപം കൊണ്ടാലും സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കേരളത്തില്‍ മഴയ്ക്ക് കാരണമാകും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്‍പതോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.