രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു: ഹൈക്കോടതി

September 14, 2021
216
Views

കൊച്ചി: പ്രമുഖ വ്യവസായി രവി പിളളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തിയെന്ന് ഹൈക്കോടതി. കഴിഞ്ഞ ഒമ്പതിന് ഗുരുവായൂരില്‍ വച്ചായിരുന്നു രവി പിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹം നടന്നത്. സാധാരണക്കാരന്റെ വിവാഹത്തിന് 12 പേരിലധികമായാല്‍ ക്രിമിനല്‍ കുറ്റം ചാര്‍ത്തി കേസെടുക്കാറുള്ള പോലീസ് രവി പിള്ളയുടെ മകന്റെ കല്യാണം കണ്ടില്ലെന്നു നടിച്ചു.

നടപ്പന്തലില്‍ കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നീക്കി. കൂടാതെ ക്ഷേത്രത്തിനു ചുറ്റും മറ്റ് അലങ്കാരങ്ങളം നടത്തി. ഇവയൊന്നും മാറ്റിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയാണുണ്ടായത്.

കല്യാണ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നവരെ കേസില്‍ കക്ഷി ചേര്‍ക്കാണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാവര്‍ക്കും ഒരേപോലെ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു. സിപിഎം നേതാക്കളുടെ മക്കളോട് രവി പിള്ള കാണിച്ച സൗമനസിന്റെ ബാക്കി പത്രമാണ് കോവിഡ് പ്രോട്ടോക്കോളിന് പുല്ലുവില കല്‍പിച്ച് മകന്റെ വിവാഹം നടത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ക്ഷേത്രദര്‍ശനത്തിനെത്തിയവരെ നടപന്തലിലേക്കു പോലും കയറ്റി വിടാതെ സെക്യൂരിറ്റി ജീവനക്കാര്‍ വിവാഹത്തിന് സുരക്ഷാകവചമൊരുക്കി. മലയാള സിനിമാനടന്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുമടക്കം നിരവധി വിഐപികളാണ് കല്യാണത്തിന് എത്തിയിരുന്നത്. മോഹന്‍ലാലിന്റെ കാര്‍ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ ദേവസ്വം സസ്‌പെന്റ് ചെയ്തിരുന്നു.

മൊബൈല്‍ ഫോണില്‍ ക്ഷേത്രപരിസരത്ത് ഫോട്ടോ എടുക്കാന്‍ പോലും ദര്‍ശനത്തിനെത്തിയവരെ സെക്യൂരിറ്റിക്കാര്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. എത്ര പേര്‍ കല്യാണത്തിനെത്തിയെന്നും ആരൊക്കെയായിരുന്നു മുഖ്യാഥിതികളെന്നും ആരും അറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു സുരക്ഷാജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ആരോപണമുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *