കെ റെയിൽ: റീത്ത് വെച്ചാൽ സർക്കാരിന് നിയമ നടപടി സ്വീകരിക്കാം; ഡിപിആർ തയ്യാറാക്കിയത് എങ്ങനെ? : സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

January 20, 2022
175
Views

കൊച്ചി: കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കുമ്പോൾ എല്ലാ നിയമവും പാലിച്ചു മാത്രമേ നടപ്പാക്കാൻ പടുള്ളുവെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായി. ഏരിയൽ സർവ്വേയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി.

ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണൽ സോളിസ്റ്റിർ ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്. കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു.

സർവ്വേ നടത്തും മുമ്പ് ഡിപിആർ തയ്യാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചത്. ഡിപിആർ തയ്യാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഏരിയൽ സർവ്വേ പ്രകാരണമാണ് ‍ഡിപിആർ തയ്യാറാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഇപ്പോഴും സർവേ നടക്കുന്നു എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു, റിമോട്ട് സെൻസിങ് ഏജൻസി വഴിയാണ് സർവേ നടത്തുന്നത്. ഏരിയൽ സർവേയ്ക്ക് ശേഷം ഇപ്പോൾ ഫിസിക്കൽ സർവേ നടക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ സർവ്വേ എങ്ങനെ ആണ് നടത്തുന്നത് ഇപ്പോഴും വ്യക്തം അല്ലെന്നും, കുറ്റി നാട്ടുന്നതിന് മുമ്പ് സർവ്വേ തീർക്കണമായിരുന്നു എന്നും കോടതി നിലപാടെടുത്തു. ഇപ്പൊൾ കുറ്റികൾ നാട്ടുന്നില്ല എന്ന് കെ റെയിൽ കോടതിയെ അറിയിച്ചു. ആളുകൾ കോടതി ഉത്തരവ് മറയാക്കി കുറ്റികൾ എടുത്തു കളയുന്നു എന്ന് സർക്കാർ പരാതിപ്പെട്ടപ്പോൾ അങ്ങനെയുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

ആളുകൾ റീത്ത് വെച്ചാൽ സർക്കാരിന് നിയമ നടപടി സ്വീകരിക്കാം, അതിനു കോടതിയെ പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *