വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന കശുവണ്ടി ഫേസ്‌പായ്ക്കുകള്‍

February 9, 2022
162
Views

ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു ഡ്രൈ ഫ്രൂട്ടാണ് കശുവണ്ടി. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യം കൂട്ടാനും കശുവണ്ടി ഗുണം ചെയ്യും. കശുവണ്ടിയില്‍ ചര്‍മ്മം ആരോഗ്യവും തിളക്കവുമാക്കുന്ന മികച്ച പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കള്‍ മുതല്‍ മറ്റ് പ്രധാന മൈക്രോ ന്യൂട്രിയന്റുകള്‍ വരെ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ സിങ്ക്,

മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കളുമുണ്ട്.കശുവണ്ടി ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കശുവണ്ടി സ്വാഭാവികമായും തിളക്കമുള്ള ചര്‍മ്മം നല്‍കാന്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ഉത്തേജിപ്പിക്കുന്നു. ചുളിവുകള്‍, പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വീട്ടില്‍ തന്നെ ലളിതമായ രീതിയില്‍ കശുവണ്ടി ഉപയോഗിച്ച് മുഖം
വൃത്തിയാക്കുന്നതിനുള്ള വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കശുവണ്ടി മസാജ് ക്രീം

കശുവണ്ടി, ബദാം എണ്ണ, മുള്‍ട്ടാനി മിട്ടി, പാല്‍ എന്നിവയാണ് ഇതിനായി ആവശ്യം. കശുവണ്ടി നല്ലപോലെ പൊടിച്ചെടുത്തതിനുശേഷം,
ഈ പൊടിയില്‍ പാല്‍, ബദാം ഓയില്‍, മുള്‍ട്ടാനി മിട്ടി എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് കട്ടിയുള്ളതായി തോന്നുന്നുവെങ്കില്‍ കുറച്ച് പാലോ റോസ് വാട്ടറോ ചേർക്കാം.

ഉപയോഗിക്കേണ്ട വിധം

ആദ്യം മുഖം നല്ലതുപോലെ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ഈ ക്രീം മുഖത്ത് പുരട്ടുക. നിങ്ങളുടെ വിരലുകളുടെ അഗ്രം ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യണം. ക്രീം ചര്‍മ്മത്തില്‍ ഉണങ്ങുന്നതുവരെ 10 -12 മിനിറ്റ് മസാജ് ചെയ്യുക. പേസ്റ്റ് കട്ടയാകാന്‍ തുടങ്ങിയാല്‍, നനഞ്ഞ തുണി വച്ച് ആദ്യം മുഖത്ത് നിന്ന് ക്രീം നീക്കം ചെയ്യണം. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.

കശുവണ്ടി സ്‌ക്രബ്

കശുവണ്ടി, ഗോതമ്പ് പൊടി, മോര്, പാല്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. കുറച്ച് കശുവണ്ടി എടുത്ത് പൊടിച്ചെടുക്കുക. അതിലേക്ക് ഗോതമ്പ് മാവും മോരും ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി കലര്‍ത്തി അവസാനം പാല് ചേര്‍ത്ത് ഇളക്കുക. ഈ കശുവണ്ടി ഫേസ് സ്‌ക്രബ് മുഖത്ത് പുരട്ടി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. എല്ലാ സുഷിരങ്ങളും അടഞ്ഞുപോകുമ്പോള്‍ കശുവണ്ടി ചര്‍മ്മത്തെ പുറംതള്ളാനും ശുദ്ധീകരിക്കാനും സഹായിക്കും. ഏകദേശം 7-8 മിനിറ്റ് നേരം സ്‌ക്രബ് ചെയ്ത ശേഷം മുഖം നന്നായി കഴുകുക.

കശുവണ്ടി ഫേസ് പായ്ക്ക്

കശുവണ്ടി, ഒരു ചെറിയ വാഴപ്പഴം, ആപ്പിള്‍ ജ്യൂസ്, പനിനീര് എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. കശുവണ്ടി നന്നായി പൊടിക്കുക. അതിനുശേഷം കശുവണ്ടി പൊടി ഒരു പാത്രത്തിലാക്കി വച്ച് വാഴപ്പഴം ചതച്ചെടുക്കുക. കശുവണ്ടി പൊടിയില്‍ വാഴപ്പഴം ചേര്‍ക്കുക, തുടര്‍ന്ന് കുറച്ച് ആപ്പിള്‍ നീരും പനിനീരും ചേര്‍ത്തിളക്കണം. ഈ ചേരുവകള്‍ നന്നായി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ആക്കുക.

മുഖത്ത് മുഴുവന്‍ ഈ ഫെയ്‌സ് പായ്ക്ക് നന്നായി പുരട്ടുക. തുടര്‍ന്ന് 20 മിനിറ്റ് വിടുക. ഫെയ്‌സ് മാസ്‌ക് ഉണങ്ങുകയോ കട്ടിയാകുകയോ ചെയ്ത ശേഷം കുറച്ച് വെള്ളം ഉപയോഗിച്ച് ഇത് പതുക്കെ നീക്കം ചെയ്യണം. മുഖത്ത് പ്രകൃതിദത്തമായ തിളക്കം കാണാനും മികച്ച ഫലങ്ങള്‍ക്കായും ഒരു മാസത്തില്‍ കുറഞ്ഞത് രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *