ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനില്‍ പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഭീകരാക്രമണം. 11 ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
16 ഭീകരരെ വധിച്ചു. ഇന്നലെ പുലർച്ചെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ചബഹാർ, റാസ്‌ക് പട്ടണങ്ങളിലുള്ള ഇറാൻ റെവലൂഷനറി ഗാർഡ് ആസ്ഥാനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ജെയ്ഷ് അല്‍ – അദ്ല്‍ ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. റെവലൂഷനറി ഗാർഡ് ആസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു.
സിസ്‌താൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജെയ്‌ഷ് അല്‍ – അദ്ല്‍ ഭീകരർ ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബറില്‍ സിസ്‌താൻ ബലൂചിസ്ഥാനിലെ തന്നെ പൊലീസ് സ്റ്റേഷനില്‍ ഇവർ നടത്തിയ ആക്രമണത്തില്‍ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
ജനുവരിയില്‍ പാകിസ്ഥാനിലുള്ള രണ്ട് ജെയ്‌ഷ് അല്‍ – അദ്ല്‍ കേന്ദ്രങ്ങളില്‍ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. മൂന്ന് പേർ കൊല്ലപ്പെട്ടു. അതിർത്തി കടന്നുള്ള ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഭീകര താവളങ്ങളില്‍ പാകിസ്ഥാൻ പ്രത്യാക്രമണം നടത്തുകയും പത്ത് പേർ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വഷളായ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം പിന്നീട് വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലൂടെയാണ് പുനഃസ്ഥാപിച്ചത്.