24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 200 പേര്‍; ആക്രമണം ശക്തമാക്കി ഇസ്രായേല്‍

December 24, 2023
31
Views

ഗസ്സ മുനമ്ബില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍.

ഗസ്സ: ഗസ്സ മുനമ്ബില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 201 പേരാണ് ഗസ്സമുനമ്ബില്‍ കൊല്ലപ്പെട്ടത്.

370 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം 12ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്ബോഴാണ് ആക്രമണം അവര്‍ കൂടുതല്‍ കടുപ്പിക്കുന്നത്.

ബുറേജി അഭയാര്‍ഥി ക്യാമ്ബിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. ശനിയാഴ്ച വീണ്ടും ജബലിയ അഭയാര്‍ഥി ക്യാമ്ബിന് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയര്‍ന്നു. 53,688 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നും സംശയമുണ്ട്.

ഗസ്സയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ അധിനിവേശത്തിന് പിന്നാലെ ഗസ്സയിലെ ഇരുപത് ലക്ഷത്തിലേറെ പേര്‍ തെരുവുകളിലെ താല്‍ക്കാലിക ടെന്റുകളിലാണ് കഴിയുന്നത്.

ഗസ്സ സിറ്റിയില്‍ ഒരു കുടുംബത്തിലെ 76 പേരെ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ ബോംബിട്ട് കൊന്നിരുന്നു. മുഗ്റബി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പോര്‍വിമാനങ്ങള്‍ തീതുപ്പിയതിനെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നത്. ഐക്യരാഷ്ട്രസഭ ഏജൻസി ഉദ്യോഗസ്ഥൻ ഇസ്സാം അല്‍ മുഗ്റബിയും ഭാര്യയും അഞ്ച് മക്കളും കൊല്ലപ്പെട്ടവരിലുണ്ട്.

സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് 75 ദിവസത്തിനിടെ 136 യു.എൻ ഉദ്യോഗസ്ഥര്‍ക്കാണ് ഗസ്സയില്‍ ജീവൻ നഷ്ടമായതെന്ന് അറിയിച്ചു. യു.എൻ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍നാശമാണിത്. ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും വീട് നഷ്ടപ്പെട്ടു. ജീവൻ പണയംവെച്ചും ഗസ്സയില്‍ രക്ഷാദൗത്യം തുടരുന്നവര്‍ക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *