ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന: പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

January 20, 2022
108
Views

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി സിബിഐ. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.

ചാരക്കേസിൽ നമ്പി നാരായൺ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രതി ചേർത്തതിന് പിന്നിൽ വലിയ ഗൂഢാലോനയുണ്ടെന്നാണ് സിബിഐ കേസ്. ചാരക്കേസ് അന്വേഷിച്ച 18 ഉദ്യോഗസ്ഥരെയാണ് സിബിഐ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ അന്നത്തെ ക്രെംബ്രാഞ്ച് എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ളവരാണ് സിബിഐ കേസിലെ പ്രതികൾ.

കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ കൃത്യമായ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളിലേക്ക് എത്താൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ തന്നെ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ മാപ്പുസാക്ഷിയായി കോടതിയിലെത്തിക്കാൻ സിബിഐ ശ്രമിക്കുന്നത്.

മുൻ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ. നമ്പി നാരായണന്റെ അറസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്ഥൻ കൂടിയാണ് ക്രൈംബ്രാഞ്ച് എസ്പി. ഇയാൾക്കുപുറമേ മറ്റുചില ഉദ്യോഗസ്ഥരെകൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കവുമായി സിബിഐ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *