ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

January 17, 2022
135
Views

കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിലാണ് അന്ത്യം. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്.

ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. കുട്ടിയായിരിക്കെ പിതാവിനൊപ്പം നൃത്തം ചെയ്യാൻ തുടങ്ങിയ അദ്ദേഹം കൗമാരപ്രായത്തിൽ തന്നെ ഗുരുവായി (മഹാരാജ്). രാംപൂർ നവാബിന്റെ ദർബാറിലും ബിർജു മഹാരാജ് നൃത്തം അവതരിപ്പിച്ചു.

28 വയസ്സുള്ളപ്പോൾ, ബിർജു മഹാരാജിന്റെ നൃത്തരൂപത്തിലുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ് നേടിക്കൊടുത്തു. പ്രകടനാത്മകമായ അഭിനയത്തിന് പേരുകേട്ട ബിർജു മഹാരാജ് കഥക്കിൽ തന്റേതായ ശൈലി വികസിപ്പിച്ചെടുത്തു. മികച്ച നൃത്ത സംവിധായകനായി അറിയപ്പെട്ടിരുന്ന അദ്ദേഹം നൃത്തനാടകങ്ങൾ ജനകീയമാക്കാൻ സഹായിച്ചു.

അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ് അദ്ദേഹം. നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ഡൽഹിയിൽ ‘കലാശ്രമം’ എന്ന പേരിൽ കഥക് കളരി നടത്തുന്നുണ്ട്. 1986-ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ ഉൾപ്പെടെ, കലാരംഗത്തെ സംഭാവനകൾക്ക് ബിർജു മഹാരാജ് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *