തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. നാലാം പ്രതി കിരണ്‍ ആണ് വിദേശത്തേക്ക് കടന്നത്.
അതേസമയം, പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.
രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നും കോടികള്‍ വായ്പയെടുത്തത്. 2014 മുതല്‍ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. വായ്പ അനുവദിക്കാന്‍ നല്കിയ അപേക്ഷകളില്‍ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ക്രമക്കേട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസില്‍നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ബാങ്കില്‍ വിദേശത്തുനിന്നുള്‍പ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ നടപടി. സഹകരണ വകുപ്പ് പരിശോധനയില്‍ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടല്‍.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത ബാങ്ക് ജീവനക്കാരും പ്രസിഡന്റും അടക്കമുള്ളവരെ ഇ.ഡിയും പ്രതിചേര്‍ത്തേക്കും.