ഇനി ഭൂമി തരംമാറ്റം വേഗത്തിലാകും; താലൂക്ക് തലത്തിലും അപേക്ഷകള്‍ പരിഗണിക്കും

July 12, 2023
28
Views

സംസ്ഥാനത്ത് ഭൂമി തരംമാറ്റം താലൂക്ക് തലത്തിലും അനുവദിക്കാന്‍ നിയമഭേദഗതി വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റം താലൂക്ക് തലത്തിലും അനുവദിക്കാന്‍ നിയമഭേദഗതി വരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തി റവന്യു വകുപ്പ് തയാറാക്കിയ നിയമഭേദഗതിയുടെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

താലൂക്ക് തലത്തില്‍ ഭൂമി തരംമാറ്റം അനുവദിച്ച്‌ ഉത്തരവിടാന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി കൊണ്ട് നിയമഭേദഗതി കൊണ്ടുവരാനാണ് റവന്യൂവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിയമഭേദഗതിയുടെ കരട് നിയമ വകുപ്പ് അംഗീകരിച്ചാല്‍ അടുത്ത മാസത്തോടെ ഓര്‍ഡിനന്‍സായി തന്നെ ഭേദഗതി കൊണ്ടുവരാനാണു നീക്കം. നിലവില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം 27 റവന്യു ഡിവിഷനുകളിലായി റവന്യു ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്ക് (ആര്‍ഡിഒ) മാത്രമാണ്.

ജില്ലാതലത്തിലുള്ള ഡെപ്യൂട്ടി കലക്ടര്‍മാരെ 78 താലൂക്കുകളിലായി പ്രത്യേക ഓഫീസും ഉദ്യോഗസ്ഥരും നല്‍കി നിയോഗിച്ചാകും തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കുക എന്നാണു സൂചന. ഭൂമി തരംമാറ്റത്തിനായി 2.4 ലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം നല്‍കിയുള്ള നിയമഭേദഗതി വരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *