കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ: എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ സ്കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

September 1, 2021
324
Views

ന്യൂഡെൽഹി: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ സ്കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. കോടതിക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിനാലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് സ്കീം തയ്യാറാക്കുന്നത് വൈകുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായുള്ള സ്കീം തയ്യാറാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സുപ്രീം കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഓരോ തവണയും കേസ് പരിഗണനയ്ക്ക് വരുമ്പോൾ സ്കീം തയ്യാറാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചിരുന്നത്. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാൽ ഒരു മാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി കോടതിയിൽ ആവശ്യപ്പെട്ടു.

ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാർക്ക് സ്കീമിന്റെ ആനുകൂല്യം ലഭിക്കുമെന്നും അതിനാൽ എട്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് വാദിച്ചു. ജൂലൈ ഏഴിനാണ് സ്കീം സംബന്ധിച്ച് ആദ്യം കോടതിയെ അറിയിക്കുന്നതെന്നും ഓണ അവധി ആയതിനാലാണ് കാലതാമസം ഉണ്ടായതെന്നും കോർപറേഷൻ സുപ്രീം കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കി. സ്കീം തയ്യാറാക്കിയില്ല എങ്കിൽ ഗതാഗത സെക്രട്ടറി ഹാജരാകണമെന്ന വ്യവസ്ഥ ഉത്തരവിൽ നിന്ന് നീക്കണമെന്ന് കെ.എസ്.ആർ.ടി.സി. അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മനഃപൂർവ്വമാണ് ഉത്തരവിൽ ആ വ്യവസ്ഥ ഉൾകൊള്ളിച്ചതെന്നും സ്കീം തയ്യാറാക്കിയാൽ ഗതാഗത സെക്രട്ടറി ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്ന് 1999-ൽ തൊഴിലാളി സംഘടനകളും, കോർപറേഷനും തമ്മിൽ ഒപ്പ് വച്ച കരാറിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *