മലപ്പുറം: പുല്‍പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസിന് ലോക്ക് ഡൗണില്‍ പോലീസ് പിഴയിട്ടത് 150 ലേറെ തവണയാണ്. ഉപജീവനത്തിന് വേണ്ടി പിഴയൊടുക്കി പട്ടിണിയിലായിരിക്കുകയാണ് യുവാവ്. ടിപ്പര്‍ ഡ്രൈവറായ റിയാസ് കുടുംബം പട്ടിണിയിലായതോടെ പിഴ ഈടാക്കിയ ഇനത്തില്‍ ലഭിച്ച രസീതുകള്‍ മാലയാക്കി കഴുത്തില്‍ അണിഞ്ഞു വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.
മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്ബോള്‍ കുടുംബം പട്ടിണിയിലാണെന്ന് റിയാസ് പറയുന്നു. പൊലീസ് പിടിച്ചാല്‍ 500 രൂപയാണ് വാങ്ങുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അയ്യായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. ജിയോളജി വകുപ്പിന്റെ പിഴ പതിനായിരം മുതല്‍ 25000 വരെയാണ്. ഇതുകൂടാതെ ഒരു മാസം ലോറി പിടിച്ചു വെക്കുകയും ചെയ്യുമെന്ന് റിയാസ് പറയുന്നു.
പ്രവാസിയായ തനിക്ക് അന്യ രാജ്യത്ത് വാഹനമോടിക്കാന്‍ ഇത്രയും പ്രയാസമുണ്ടായിരുന്നില്ല. റോഡിലിറങ്ങിയാല്‍ പൊലീസ് പിടിക്കുന്ന അവസ്ഥയാണ്. വാഹനവുമായി റോഡിലിറങ്ങിയിട്ട് ദിവസങ്ങളായെന്നും റിയാസ് പറയുന്നു.