മാനസ അവഗണിച്ചതോടെ രഖിലിന് പകയായി; കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ അറിയിച്ചു- സുഹൃത്ത്‌

July 31, 2021
201
Views

കണ്ണൂര്‍: മനസയെ കൊലചെയ്യുന്നതിന് മുന്‍പുള്ള അടുത്ത ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്‍റെ കമ്ബനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്‍. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി.

രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും ആദിത്യന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് മാനസയെ രഖില്‍ പരിചയപ്പെട്ടതെന്നാണ് സഹോദരന്‍ പറയുന്നത്. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രഖില്‍ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ജീവിതം തകര്‍ന്നെന്ന് തനിക്ക് രഖില്‍ മെസേജ് അയച്ചിരുന്നു.

വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസിക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.

വെടിയേറ്റ് കൊല്ലപ്പെട്ട ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കണ്ണൂര്‍ പൊലീസിന്‍റെ സഹകരണത്തോടെയാണ് കേസന്വേഷണം നടത്തുകയെന്ന് പൊലീസ് അറിയിച്ചു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *