അണയാതെ കലാപത്തീ ; മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം : ഒരു മരണംകൂടി

May 25, 2023
8
Views

മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഇംഫാല്‍

മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധൻ പുലര്‍ച്ചെ ബിഷ്ണുപ്പുര്‍ ജില്ലയിലെ ചില ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കളെത്തിയിരുന്നു. ഇവരുടെ വെടിയേറ്റാണ് ഒരാള്‍ മരിച്ചത്. വെടിയേറ്റ യുവാവിനെ കൊണ്ടുപോയ ആശുപത്രിക്ക് സമീപവും സംഘര്‍ഷമുണ്ടായി.സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച്‌ ബിഷ്ണുപ്പുര്‍ ജില്ലയില് സ്ത്രീകള് ഉള്പ്പെട്ട സംഘം പൊതുമരാമത്ത് മന്ത്രിയുടെ വീട് തകര്‍ത്തു.

ചൊവ്വാഴ്ച ബിഷ്ണുപ്പുര്‍ ജില്ലയിലെ ഫൗബക്ചാവോയില്‍ അക്രമിസംഘം നാല് വീട് കത്തിച്ചിരുന്നു. ഇതിന് പ്രതികാരമായി ബുധനാഴ്ച എതിര്‍സംഘം മൂന്ന് വീട് കത്തിച്ചു. അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ബിഷ്ണുപ്പുര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് ജില്ലാ അധികൃതര്‍ റദ്ദാക്കി. നേരത്തെ, കര്‍ഫ്യൂവില്‍ രാവിലെ 5 മുതല്‍ വൈകിട്ട് 4 വരെ ഇളവ് നല്‍കിയിരുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനിടയിലും അക്രമം തുടരുകയാണ്. സംഘര്ഷത്തില് ഇതുവരെ 73 പേരാണ് കൊല്ലപ്പെട്ടത്.

വന് ആയുധശേഖരം പിടികൂടി
സംഘര്‍ഷകലുഷിതമായ മണിപ്പുരില്‍ ആയുധശേഖരം പിടികൂടി സൈന്യം. ചൊവ്വാഴ്ച രാത്രി വൈകി സേനാപതി ജില്ലയിലെ കാങ്ചുപ് ചിങ്ഖോങ് ജങ്ഷനില്‍ വാഹനം തടഞ്ഞാണ് തോക്കുകള്‍, നാടൻ ബോംബുകള്‍, തിരകള്‍ തുടങ്ങിയവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യത്തിന്റെ സ്പിയര്‍ കോര്‍പ്സ് വിഭാഗമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ചില മേഖലകളില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ആയുധം കടത്തിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ കിഴക്കൻ സെെനിക കമാൻഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ആര്‍ പി കലിത മണിപ്പുരിലെത്തി.

തിങ്കളാഴ്ച പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി. സിആര്‍പിഎഫിന്റെ അഞ്ച് കമ്ബനികളെ (600 ജവാൻമാര്‍) കൂടുതലായി വിന്യസിച്ചു. മെയ്ത്തീ, കുക്കി വിഭാഗക്കാര്‍ ഇടകലര്‍ന്ന് കഴിയുന്ന മേഖലകളില്‍ കൂടുതല്‍ ജവാൻമാരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ 1800 സിആര്‍പിഎഫ്, അസം റൈഫിള്‍സ് ജവാൻമാര്‍ കൂടി മണിപ്പുരിലെത്തും. നിലവില്‍ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും 10,000 ഉദ്യോഗസ്ഥരും സിആര്‍പിഎഫിന്റെയും ബിഎസ്‌എഫിന്റെയും 7000 ഉദ്യോഗസ്ഥരും മണിപ്പുരിലുണ്ട്.

അതേസമയം, സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പിന്തുണയുള്ള മെയ്ത്തീ വിഭാഗക്കാരുടെ സംഘം ഡല്‍ഹിയില്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര വിദേശ സഹമന്ത്രി രാജ്കുമാര്‍ രഞ്ജൻസിങ്ങിന്റെ ആഭിമുഖ്യത്തില്‍ മെയ്ത്തീ, കുക്കി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. മണിപ്പുരില്‍നിന്നുള്ള എംപി കൂടിയായ രാജ്കുമാര്‍ രഞ്ജൻസിങ്ങിന് പുറമേ ഇരുവിഭാഗങ്ങളില്‍നിന്നും 10 വീതം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *