മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ; വിമതര്‍ക്കായി തിരച്ചില്‍ തുടങ്ങി സൈന്യം

May 28, 2023
33
Views

മെയ്ത്തീ–കുക്കി സംഘര്‍ഷം കലാപമായി മാറിയ മണിപ്പുരില്‍ പലയിടത്തും വീണ്ടും സംഘര്‍ഷം.

ന്യൂഡല്‍ഹി

മെയ്ത്തീ–കുക്കി സംഘര്‍ഷം കലാപമായി മാറിയ മണിപ്പുരില്‍ പലയിടത്തും വീണ്ടും സംഘര്‍ഷം. കാങ്ചുക്, മോട്ട്ബംഗ്, സൈകുല്‍, പുഖാവോ, സഗോള്‍മാങ് എന്നീ പ്രദേശങ്ങളില്‍ വിമത സായുധ സംഘങ്ങള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും അസം റൈഫിള്‍സും ഇംഫാല്‍ താഴ്വരയ്ക്ക് ചുറ്റുമുള്ള ഉയര്‍ന്ന മേഖലകളില്‍ തിരച്ചില്‍ ആരംഭിച്ചു.

പൊലീസില്‍നിന്ന് കൈക്കലാക്കിയ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാൻ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിച്ചിരുന്നു. ശനി പകല്‍ ഉഖ്രുല്‍ ജില്ലയില്‍ വിമതസംഘാംഗങ്ങളില്‍ ചിലര്‍ ആയുധംവച്ച്‌ കീഴടങ്ങി.

ശനിയാഴ്ച വൈകിട്ട് സംസ്ഥാനത്തെത്തിയ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കിഴക്കൻ കമാൻഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ അനസൂയ ഉകെയ്, മുഖ്യമന്ത്രി ബീരേൻ സിങ്, സുരക്ഷ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് എന്നിവര്‍ക്ക് പുറമേ സൈന്യത്തിന്റെ പ്രാദേശിക കമാൻഡര്‍മാരെയും മനോജ് പാണ്ഡെ കാണും. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായും ത്രിദിന സന്ദര്‍ശനത്തിനായി മണിപ്പുരില്‍ എത്തും. അതിനിടെ, ഇംഫാലിലെ ഇറച്ചിക്കടയ്ക്ക് തീയിട്ട സംഭവത്തില്‍ മൂന്ന് ദ്രുതകര്‍മ സേനാംഗങ്ങളെ പൊലീസ് പിടികൂടി. ഇവരെ സസ്പെന്റുചെയ്തതായി ആര്‍എഎഫ് അറിയിച്ചു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *