വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി: ഇനിയുള്ള 7 മണിക്കൂർ നിർണായകം

February 2, 2022
97
Views

കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി. എങ്കിലും ഇനിയുള്ള 7 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ. വാവ സുരേഷിന് ഇതുവരെ ബോധം തിരികെ കിട്ടിയിട്ടില്ല. സിടി സ്കാനിൽ തലച്ചോറിന് മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. തലച്ചോറിന്റെ പ്രവർത്തനം നേരെയാക്കാൻ ഇന്ന് ന്യൂറോ മരുന്നു നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലാണ് വാവ സുരേഷ് ചികിത്സയിൽ തുടരുന്നത്. സ്വകാര്യ ആശുപത്രിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിന് ശേഷമുള്ള സാഹചര്യം പതുക്കെ അതിജീവിക്കുകയാണ്.

തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിലും പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ് ഉള്ളത്. ആറംഗ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *