മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.35 അടി കടന്നു, അണക്കെട്ട് തുറന്നേക്കും

November 15, 2021
365
Views

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. രാലിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 140.35 അടിയാണ് ജലനിരപ്പ്. നിലവിലെ റൂള്‍ കര്‍വ് 141 അടിയാണ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 2300 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 2300 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കി കൊണ്ടു പോകുന്നത്. നേരത്തെ 138.75 അടിയില്‍ ജലനിരപ്പ് എത്തിയപ്പോഴാണ് വെള്ളം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുകിവിട്ടത്.

അതേസമയം, ഞായറാഴ്ച രാത്രി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തിട്ടില്ല. നേരിയ ചാറ്റല്‍മഴയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യമുണ്ടായാല്‍ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. രാവിലെ രേഖപ്പെടുത്തിയത് പ്രകാരം 2399.12 അടിയാണ് നിലവിലെ ജലനിരപ്പ്. 1392.666 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംഭരണശേഷിയുടെ 95.42 ശതമാനമാണിത്. ഇന്നലെ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം ഷട്ടറിലൂടെ സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ (40 ഘനയടി) ജലമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

ഈ സാഹചര്യം നിലനില്‍ക്കുമ്ബോഴും മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142ല്‍ എത്തിക്കാനുള്ള നീക്കമാണ് തമിഴ്നാട് നടത്തുന്നത്. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിക്കും. തമിഴ്നാട്ടില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വൈഗ ഡാമിലെ ജലനിരപ്പ് 69.29 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് വൈഗ ഡാമില്‍ നിന്ന് 18ാം കനാല്‍ വഴി ജലം തുറന്നുവിട്ടു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *