വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്നു: യുവാവ് ജീവനൊടുക്കി

August 15, 2021
472
Views

മൈസൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം.

ട്രാക്ടർ ഡ്രൈവറായ മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ നഴ്സായ മാമ്പള്ളിയിലെ കാഞ്ചന (25) എന്നിവരാണ് മരിച്ചത്. ഏതാനും വർഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിർബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അൽപ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ട്രാക്ടർ ഡ്രൈവറായതിനാൽ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മൂന്നുമാസം മുമ്പ് ശ്രീനിവാസ് തൂങ്ങിമരിക്കാൻ ശ്രമവും നടത്തി. വീട്ടുകാർ ആത്മഹത്യശ്രമം ഉടൻ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെയും കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു. തുടർന്ന് കാറിന്റെ വാതിലുകൾ പൂട്ടിയശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കാറിൽനിന്ന് തീയുയരുന്നതുകണ്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും വാതിലുകൾ പൂട്ടിയതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ചാമരാജനഗർ ജില്ലാ പോലീസ് മേധാവി ദിവ്യ സാറ തോമസ്, അഡീഷണൽ എസ്.പി. സുന്ദർ രാജ്, കൊല്ലേഗൽ ഡി.വൈ.എസ്.പി. നാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. കാഞ്ചനയുടെ സഹോദരൻ കാർത്തിക് നൽകിയ പരാതിയിൽ മാമ്പള്ളി പോലീസ് കേസെടുത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *