നാസ പേടകത്തിന് സിഗ്നല്‍ കിട്ടി, ചന്ദ്രനില്‍ വഴിവിളക്കായി വിക്രം ലാൻഡര്‍

January 20, 2024
26
Views

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ 3

തിരുവനന്തപുരം:ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ 3ലെ വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നത് ഐ.എസ്.ആർ.ഒ.യ്‌ക്ക് അഭിമാനമായി.

നാസ നിർമ്മിച്ചു നല്‍കിയ ഇൗ ഉപകരണത്തിന്റെ സഹായത്തോടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം നിലനില്‍ക്കും.

ലൊക്കേഷൻ മാർക്കർ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും. ലാൻഡർ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കില്‍ അടുത്ത് എന്ന് ദിശ കണക്കാക്കി പേടകങ്ങള്‍ ഇറക്കാം. ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വബലം, ആന്തരിക ഘടന തുടങ്ങിയവയുടെ കൂടുതല്‍ വിവരങ്ങളും കിട്ടും.

ലേസർ റിട്രോഫ്‌ളെക്ടർ അറേ (എല്‍.ആർ.എ) എന്ന ലൊക്കേഷൻ മാർക്കർ രണ്ടിഞ്ച് മാത്രം വലിപ്പമുള്ള ഉപകരണമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമുള്ള ഏക എല്‍.ആർ.എയുമാണിത്. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമില്‍ നിർമ്മിച്ച ഉപകരണത്തില്‍ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകള്‍ ഉണ്ട്. ഏത് ദിശയില്‍ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകൃതി. പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമില്ല. അതിനാല്‍ കാലങ്ങളോളം നിലനില്‍ക്കും.

ഭൂമിയില്‍ നിന്ന് ഒരു വസ്തുവിന് നേർക്ക് അയയ്‌ക്കുന്ന ലേസർ രശ്മി തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കി ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്കുചെയ്യാൻ ഉപയോഗിക്കുന്നതാണ് എല്‍.ആർ.എറിഫ്ളക്ടർ. എന്നാല്‍ ചലിക്കുന്ന ബഹിരാകാശ പേടകത്തില്‍നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മി അയച്ച്‌ അതിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന റിവേഴ്സ് സാങ്കേതിക വിദ്യയാണ് ഇതില്‍ നാസ ഉപയോഗിച്ചത്. ഇതിന്റെ സിഗ്നലുകള്‍ നാസയുടെ ചാന്ദ്ര പേടകമായ ലൂണാർ റെക്കണൈസൻസ് ഒാർബിറ്ററാണ് കണ്ടെത്തിയത്. ഡിസംബർ 12മുതലാണ് സിഗ്നല്‍ ലഭിച്ചത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേരിട്ടിരിക്കുന്നത്. മാൻസിനസ് സി എന്ന ഗർത്തത്തിന് സമീപമുള്ള സമതലമാണിത്. ഇതിന് 100കിലോമീറ്റർ മുകളിലൂടെ പോകുമ്ബോഴാണ് നാസയുടെ പേടകത്തിന് സിഗ്നല്‍ കിട്ടിയത്. ഇവിടേയ്‌ക്ക് ലൂണാർ ഓർബിറ്റർ അയച്ച ലേസർ രശ്മികള്‍ ലാൻഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു. ഇത് എന്നെങ്കിലും പ്രവർത്തിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഐ.എസ്.ആർ.ഒ.യും ബഹിരാകാശ ഗവേഷകരും.

കഴിഞ്ഞ വർഷം ആഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനില്‍ ഇറങ്ങിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *