നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി

September 4, 2021
438
Views

പാലക്കാട്: നെല്ലിയാമ്പതി കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഏറെ ദൂരത്തെത്തിയ ഇദ്ദേഹത്തെ ഫയർഫോഴ്സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

ശനിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തൻകുരിശിൽനിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദർശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

വരുന്ന വഴിയിൽ വെള്ളച്ചാട്ടം കണ്ട് വണ്ടി നിർത്തുകയായിരുന്നു. ജയ് മോൻ വണ്ടിയിൽനിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് ജയ് മോൻ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഇയാൾ കാൽവഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

നെന്മാറയിൽനിന്നും നെല്ലിയാമ്പതിയിൽനിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആലത്തൂരിൽനിന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്തിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വലിയ കാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽനിന്ന് ഇദ്ദേഹത്തെ കരയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *