കുടുംബസഹായത്തിനു പിരിച്ച പണം നല്‍കിയില്ല , രക്‌തസാക്ഷി സനൂപിന്റെ കുടുംബം സി.പി.എം. വിട്ടു

November 9, 2021
189
Views

കുന്നംകുളം : സി.പി.എം. ചൂണ്ടല്‍ പുതുശേരി കോളനി ബ്രാഞ്ച്‌ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട സനൂപിന്റെ കുടുംബം സി.പി.എം.ബന്ധം ഉപേക്ഷിക്കുന്നു. സനൂപിന്റെ വലിയമ്മയും ബന്ധുക്കളുമുള്‍പ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാര്‍ട്ടിബന്ധം വിടുന്നത്‌. സി.പി.എം. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നിലപാടുകളോടുള്ള വിയോജിപ്പാണു കാരണമെന്നു പേരെഴുതി ഒപ്പിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പില്‍അ അവര്‍ പറഞ്ഞു.


സി.പി.എം. ബന്ധം ഉപേക്ഷിച്ചാലും കമ്യൂണിസ്‌റ്റുകളായി ഇടതുപക്ഷ ആശയത്തോടൊപ്പം ഉണ്ടാകുമെന്ന്‌ അവര്‍ പറഞ്ഞു. സനൂപിന്റെ കുടുംബസഹായ ഫണ്ടെന്ന പേരില്‍ പിരിച്ചെടുത്ത പണം ഇതുവരെ നല്‍കാത്തതും ഒന്നാം രക്‌തസാക്ഷിത്വദിനം കഴിഞ്ഞിട്ടും സനൂപിനു സ്‌മാരകം നിര്‍മിക്കാത്തതുമാണു യഥാര്‍ഥ കാരണങ്ങളെന്നു നാട്ടുകാര്‍ പറയുന്നു.


ഡി.വൈ.എഫ്‌.ഐ. ചൊവ്വന്നൂര്‍ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറി കൂടിയായിരുന്ന സനൂപിനെ (26) കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ നാലിനാണു ചിറ്റിലങ്ങാടുവച്ച്‌ സംഘപരിവാര്‍ ബന്ധമുള്ളവര്‍ നെഞ്ചില്‍ കുത്തിവീഴ്‌ത്തിയത്‌. രക്‌തം വാര്‍ന്നായിരുന്നു മരണം. അച്‌ഛനെയും അമ്മയെയും നേരത്തേ നഷ്‌ടപ്പെട്ട സനൂപ്‌ വലിയമ്മയോടൊപ്പമാണ്‌ പുതുശേരി കോളനിയില്‍ താമസിച്ചിരുന്നത്‌.


സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനൂപ്‌ കുടുംബ സഹായ ഫണ്ടെന്ന പേരില്‍ 21 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. വലിയമ്മയ്‌ക്കൊപ്പം സനൂപ്‌ താമസിച്ചിരുന്ന വീടും 5.75 സെന്റ്‌ സ്‌ഥലവും സ്‌മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.


കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക്‌ അവകാശപ്പെട്ട വീടും ഭൂമിയും പാര്‍ട്ടിക്കു നല്‍കാന്‍ ആദ്യം സമ്മതിച്ചെങ്കിലും വീട്ടുകാര്‍ പിന്നീടു പിന്മാറി. പിരിച്ചെടുത്ത പണം കൂനംമുച്ചി സര്‍വീസ്‌ സഹകരണ ബാങ്കിലും കുന്നംകുളം അര്‍ബന്‍ സര്‍വീസ്‌ സഹകരണ സംഘത്തിലുമായി പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്‌. സി.പി.എമ്മിന്റെ ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കെതിരേയാണ്‌ സനൂപിന്റെ കുടുംബാംഗങ്ങളുടെ പരാതികള്‍.


സനൂപിനെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക്‌ കടന്നിരുന്നു. ഇതു തടയാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയാതിരുന്നത്‌ വീട്ടുകാരെ വേദനിപ്പിച്ചു. പാര്‍ട്ടി വിടുകയാണെന്നു വീട്ടുകാര്‍ നേരത്തേ ബ്രാഞ്ച്‌ സെക്രട്ടറിയോടു പറഞ്ഞിരുന്നു. എന്നാല്‍ അനുകൂലവും വിശ്വാസയോഗ്യവുമായ മറുപടിയല്ല നേതാക്കള്‍ നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. സി.പി.എം. ഏരിയാ സമ്മേളനത്തിലേക്കു കടക്കാനിരിക്കെ രക്‌തസാക്ഷി സനൂപിന്റെ കുടുംബം പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതു വലിയ ചര്‍ച്ചകള്‍ക്കിടയാക്കും.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *