കെഎസ്ഇബി ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്, അധ്യാപികയുടെ ഒരു ലക്ഷം കവർന്നു, വീട്ടിലെത്തിയും തട്ടിപ്പ് ശ്രമം

March 1, 2022
120
Views

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ്  കാരണം ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. തട്ടിപ്പ് സംഘമൊരുക്കിയ കെണിയിൽ ഇവർക്ക് നഷ്ടമായത് ഒരുലക്ഷത്തി പതിനൊന്നായിരം രൂപയാണ്. എന്നിട്ടും പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓൺലൈൻ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കിൽ വീട്ടിലെത്തിയ ആൾ  മലയാളമാണ് സംസാരിച്ചതെന്നും അധ്യാപിക പറയുന്നു.

 കഴിഞ്ഞ മാസത്തെ ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരിൽ അധ്യാപികയുടെ ഭർത്താവിന്‍റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. എസ്എംഎസിൽ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോൾ എനി ഡെസ്ക് എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി കൺസ്യൂമർ നമ്പറും പറഞ്ഞ് കൊടുത്ത് അപരൻ വിശ്വാസ്യത നേടി. ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്‍റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ കള്ളൻ പണം തട്ടിയെടുത്തു.

കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാൾ സംസാരിച്ചത് മലയാളമെന്ന് അധ്യാപിക പറയുന്നു. കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടി. പണം പോയിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉയർത്തുന്നത്. കെഎസ്ഇബിയുടേയും ബാങ്കുകളുടേയും സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുരുതരമായ ചോദ്യങ്ങളുയരുന്നു. ഉത്തരേന്ത്യൻ സംഘമെന്ന പതിവ് പല്ലവി സൈബർ പൊലീസിന് ആവർത്തിക്കാൻ കഴിയാത്ത മലയാളി ബന്ധവും ഈ തട്ടിപ്പിലുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *