പാലക്കാട്: പിറന്നാൾ ദിനത്തിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയില്‍ 24കാരി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്ചയായിരുന്നു സംഭവം. മരിക്കുന്നതിന് മുൻപ് യുവതി അമ്മയെ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് പറഞ്ഞതായുമാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മൂന്ന് വർഷം മുൻപായിരുന്നു കൃഷ്ണപ്രഭയുടെ പ്രണയവിവാഹം. പ്രണയ സംബന്ധിയായ പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിലെത്തിയതോടെ ശിവരാജിനൊപ്പം പോകണമെന്ന് കൃഷ്ണപ്രഭ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നായിരുന്നു വിവാഹം. വിവാഹശേഷം മകൾ വീട്ടിൽ വന്നിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നത്. പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളാണ് കൃഷ്ണപ്രഭ.
വീട്ടിലേക്ക് മടങ്ങിവരണമെന്ന് മകൾ അറിയിച്ചിരുന്നതായാണ് അമ്മ രാധ പറയുന്നത്. എന്നാൽ ഭർതൃവീട്ടിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് ശിവരാജിന്റെ ബന്ധുക്കൾ പറയുന്നത്. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് വീട്ടിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നത്. ബെംഗലുരുവില്‍ ജോലി ചെയ്യുന്ന കൃഷ്ണപ്രഭയുടെ സഹോദരന്‍ വന്നശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മതിയെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.