വീടിനടുത്ത് ഒന്നില്‍ കൂടുതല്‍ മയിലുകളെ കാണുന്നുണ്ടെങ്കില്‍ ജാഗ്രത, മുന്നറിയിപ്പുമായി ഗവേഷകര്‍

September 6, 2023
27
Views

നാട്ടില്‍ മയിലുകള്‍ വിഹരിക്കാൻ തുടങ്ങിയെങ്കില്‍ ഒരു കാര്യം ഉറപ്പാക്കാം.

കൊച്ചി: നാട്ടില്‍ മയിലുകള്‍ വിഹരിക്കാൻ തുടങ്ങിയെങ്കില്‍ ഒരു കാര്യം ഉറപ്പാക്കാം. ചൂട് കൂടിയ കാലാവസ്ഥയിലേക്ക് നിങ്ങളുടെ ഗ്രാമം മാറിക്കഴിഞ്ഞു.

കേരളത്തില്‍ പാലക്കാട് ആയിരുന്നു മയിലുകളുടെ പ്രിയ സങ്കേതം. അതിന് കാരണവും ഇതായിരുന്നു. മറ്റു ജില്ലകളിലും മയിലുകള്‍ താവളമുറപ്പിച്ചെന്ന് പക്ഷി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രത ബോധ്യമായത്. 2020 മുതല്‍ ഇതുവരെ മയിലുകളുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ദ്ധനയുണ്ടായി. 2050 ആകുമ്ബോഴേക്കും കേരളത്തിന്റെ പകുതി പ്രദേശങ്ങളും ഇവയുടെ സങ്കേതമാവും. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന മറ്റു പക്ഷികളും കൂടി വരുന്നുണ്ട്.
വിവിധ തരങ്ങളില്‍പ്പെട്ട തിനക്കുരുവികള്‍, പരുന്തുകള്‍, തിത്തിരികള്‍, കുരുവികള്‍, പുള്ളി മുള്ളൻകോഴി, വൻതത്ത, മരുപ്പക്ഷി തുടങ്ങിയ ഇരുപത് ഇനങ്ങള്‍ പെരുകിയിട്ടുണ്ട്.

അതേസമയം, തണുപ്പ് ഇഷ്ടപ്പെടുന്ന മലമുഴക്കി വേഴാമ്ബല്‍ പാേലുള്ള മറ്റു പക്ഷികളുടെ എണ്ണം കുറയുകയും ചെയ്തു. വരിഇരണ്ട, പോതക്കിളി, കാട്ടൂഞ്ഞാലി, ചിലുചിലുപ്പൻ കിളി തുടങ്ങിയവയാണ് എണ്ണം കുറഞ്ഞുവരുന്ന കിളികള്‍. മകര മഞ്ഞൊന്നും കണികാണാൻപാേലും കഴിയാത്തവിധം കാലാവസ്ഥ മാറുന്നുവെന്നാണ് ഇതിനര്‍ത്ഥം.

കാട്ടിലും കാക്കകള്‍
ജനവാസമുള്ള പ്രദേശങ്ങളില്‍ കാണുന്ന കാക്കകള്‍ പുറംകാടുകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. കാടുകളില്‍ മലിനീകരണം കൂടിയതു കൊണ്ടാണിതെന്ന് വിദഗ്ദ്ധരുടെ നിഗമനം.

കഴുകന്മാര്‍ മണ്‍മറയും

ആവാസ വ്യവസ്ഥയിലെ മാറ്റം പല പക്ഷികളുടെ നാശത്തിനും വഴിയൊരുക്കി. ചുട്ടിക്കഴുകൻ, തവിട്ടുകഴുകൻ എന്നിവയുടെ എണ്ണം 2020നു ശേഷം 90 ശതമാനത്തിലേറെ കുറഞ്ഞു. വേദനസംഹാരികളും മറ്റും കുത്തിവച്ച നാല്‍ക്കാലികളുടെ ജഡം ഭക്ഷിച്ചതാണ് കാരണമെന്ന് പറയുന്നു.

എങ്ങനെ കണ്ടെത്തി?

1. മുപ്പതിനായിരം പക്ഷി നിരീക്ഷകര്‍ പലിടത്തായി മൂന്നു കോടി നിരീക്ഷണം നടത്തി. ഓരോ നിരീക്ഷണത്തിനും പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യം. എത്ര തവണ മയിലുകളുടെ സാന്നിദ്ധ്യം ഉണ്ടായോ, അതിന് ആനുപാതികമായി അവയുടെ വംശവര്‍ദ്ധന തിട്ടപ്പെടുത്തി.

2. മുൻകാലത്തെ നിരീക്ഷണവുമായി താരതമ്യം ചെയ്താണ് എത്ര ശതമാനം കൂടിയെന്ന് തിട്ടപ്പെടുത്തുന്നത്. കൃത്യമായ എണ്ണം അല്ല അടിസ്ഥാനം. കടുവകളുടെയും മറ്റും പാദമുദ്ര നോക്കി എണ്ണം കണക്കാക്കുന്ന രീതിയിലല്ല പക്ഷികളുടെ കണക്കെടുപ്പ്.

2. കേന്ദ്രസര്‍ക്കാരും 13 സര്‍ക്കാരിതര സംഘടനകളും ചേര്‍ന്ന കണ്‍സോര്‍ഷ്യം പുറത്തുവിട്ട ‘സ്റ്റേറ്റ് ഒഫ് ഇന്ത്യാസ് ബേഡ്‌സ്” എന്ന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയത്. 30,000 പക്ഷിനിരീക്ഷകര്‍ നല്‍കിയ വിവരങ്ങളാണ് ഇതിനടിസ്ഥാനം.

“പക്ഷിനിരീക്ഷകരായ സലിം അലിയും ഇന്ദുചൂഡനും കണ്ടെത്താത്ത ഇനങ്ങള്‍ രണ്ടുദശകങ്ങള്‍ക്കിടെ കേരളത്തില്‍ കൂടി. മയിലുകള്‍ വിളകള്‍ നശിപ്പിക്കുന്നതിനു പുറമേ പാമ്ബ്, അരണ, ഓന്ത്, മറ്റു ചെറുജീവികള്‍ എന്നിവയുടെ നാശത്തിനും കാരണമാകും. പച്ചപ്പ് കുറയുന്നതും വനങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.”

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *