ഭക്‌തലക്ഷങ്ങള്‍ക്ക്‌ സായൂജ്യമായി എരുമേലി പേട്ടതുള്ളല്‍

January 13, 2024
33
Views

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ പൂര്‍ത്തിയായി.

എരുമേലി:ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ പൂര്‍ത്തിയായി. അയ്യപ്പ ഭക്‌തിയില്‍ അമ്ബലപ്പുഴ, ആലങ്ങാട്ട്‌ സംഘങ്ങള്‍ പേട്ടകെട്ടിയപ്പോള്‍ മതമൈത്രിയുടെ പ്രതീകമായി മുല്ലപ്പൂക്കള്‍ വാരി വിതറി സ്വീകരിച്ചു മുസ്ലിം ജമാഅത്തും നാട്ടുകാരും.

അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ്‌ രാവിലെ നടന്നത്‌. ഉച്ചയ്‌ക്കുശേഷമായിരുന്നു പിതൃസ്‌ഥാനീയരായ ആലങ്ങാട്‌ സംഘത്തിന്‍റെ പേട്ട.
ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെയാണ്‌ കൊച്ചമ്ബലത്തില്‍നിന്നു അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിച്ചത്‌. ഭഗവാന്റെ തിടമ്ബുമായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്ബടിയോടെ അമ്ബലപ്പുഴ സംഘം മുസ്ലിം പള്ളിയില്‍ പ്രവേശിച്ച്‌ വലം ചുറ്റി ഇറങ്ങുമ്ബോള്‍ ജുമാ നമസ്‌കാരത്തിനുള്ള ബാങ്ക്‌ വിളി മുഴങ്ങി.
രാവിലെ 11 നാണ്‌ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ചടങ്ങുകള്‍ കൊച്ചമ്ബലത്തില്‍ ആരംഭിച്ചത്‌. പ്രായശ്‌ചിത്ത പൂജകളും പേട്ടപണം കെട്ടലും ഉള്‍പ്പടെ ചടങ്ങ്‌ പൂര്‍ത്തിയാക്കി സംഘം പേട്ടതുള്ളല്‍ നടത്താന്‍ അനുമതി തേടി കൈകള്‍ കൂപ്പി പ്രാര്‍ത്ഥനയോടെ ശരണം വിളിച്ചു നിന്നപ്പോള്‍ കൃഷ്‌ണപ്പരുന്ത്‌ ദൃശ്യമായി. ഇതോടെ ഭക്‌തിയുടെ തീവ്രതയില്‍ ആയിരക്കണക്കിന്‌ കണ്‌ഠങ്ങളില്‍നിന്നും ശരണം വിളികള്‍ ഉയര്‍ന്നു.
തുടര്‍ന്ന്‌ സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തില്‍ സംഘം മൂന്ന്‌ ആനകളും ചെണ്ടമേളങ്ങളുമായി പേട്ട ആരംഭിച്ചു. പള്ളികാവടത്തില്‍ എത്തിയ പേട്ട സംഘത്തെ ആന്റോ ആന്റണി എം.പി, സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജമാഅത്ത്‌ പ്രസിഡന്റ്‌ പി.എ ഇര്‍ഷാദ്‌ സെക്രട്ടറി സി.എ.എം. കരിം പള്ളികമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മഹല്ല്‌ ഭാരവാഹികള്‍ പച്ച ഷാളുകള്‍ അണിയിച്ചും പൂക്കള്‍ വിതറിയും പള്ളിയിലേക്ക്‌ ആനയിച്ചു. പള്ളിക്ക്‌ വലംവച്ച്‌ വാവരുടെ പ്രതിനിധിയായ താഴത്തുവീട്ടില്‍ ആസാദിനെ ഒപ്പം കൂട്ടിയാണ്‌ സംഘം വലിയമ്ബലത്തിലേക്ക്‌ നീങ്ങിയത്‌.
പേട്ടതുള്ളല്‍ വലിയമ്ബലത്തില്‍ എത്തിയപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്റെ നേതൃത്വത്തില്‍ എതിരേറ്റ്‌ വലിയമ്ബലത്തിലേക്ക്‌ ആനയിച്ചു. അയ്യപ്പനെ തേടി പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരം പൂര്‍വികര്‍ കാടിളക്കി പോയെന്ന വിശ്വാസത്തില്‍ കാട്ടുകമ്ബുകളും പച്ചിലകളുമായിവര്‍ണങ്ങള്‍ ശരീരമാസകലം പൂശി കാടിളക്കി രൗദ്രഭാവത്തിലായിരുന്നു അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍.
ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെയാണ്‌ ആലങ്ങാട്ട്‌ സംഘത്തിന്റെ പെട്ടതുള്ളല്‍ കൊച്ചമ്ബലത്തില്‍ ആരംഭിച്ചത്‌. അമ്ബാടത്ത്‌ വിജയകുമാറിന്റെ നേതൃത്വത്തില്‍ ആകാശത്ത്‌ നക്ഷത്രം കണ്ട്‌ പേട്ടതുള്ളല്‍ തുടങ്ങി. അമ്ബലപ്പുഴ സംഘത്തിനൊപ്പം വാവരുടെ പ്രതിനിധി പോയെന്ന വിശ്വാസത്തില്‍ സംഘം മുസ്ലിം പള്ളിയില്‍ കയറിയില്ല. സ്വര്‍ണഗോളക, കൊടികള്‍, വെളിച്ചപ്പാടുകള്‍, കൊട്ടക്കാവടികള്‍, ചേങ്കിലത്താളങ്ങള്‍, എടുപ്പ്‌ കാഴ്‌ചകള്‍ എന്നിവയുമായി ശാന്തമായ താള ചുവടുകളോടെയായിരുന്നു ആലങ്ങാടിന്റെ പേട്ടതുള്ളല്‍.
അമ്ബലപ്പുഴ സംഘത്തില്‍ നിന്നും വ്യത്യസ്‌തമായി വെള്ള വസ്‌ത്രങ്ങളണിഞ്ഞ്‌ ഭസ്‌മം പൂശിയാണ്‌ സംഘം പേട്ടതുള്ളിയത്‌. ഇരു സംഘങ്ങള്‍ക്കും പഞ്ചായത്ത്‌, പോലീസ്‌, ആരോഗ്യ വകുപ്പ്‌, വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ ഹൈന്ദവ സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ സ്വീകരണം നല്‍കി. ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി: എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 1200 ഓളം പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം ടൗണ്‍ പൂര്‍ണമായും വാഹനമുക്‌തമാക്കി പേട്ടതുള്ളലിന്‌ സൗകര്യങ്ങളും ഒപ്പം വന്‍സുരക്ഷാ ക്രമീകരണങ്ങളുമാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *