മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലെ 6000 രൂപ അനധികൃതമായി കൈപ്പറ്റിയവര്‍ ഇനി കുടുങ്ങും

December 24, 2023
39
Views

ചെറുകിട കൃഷിക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം പി.എം കിസാൻ സമ്മാൻനിധി

കോലഞ്ചേരി: ചെറുകിട കൃഷിക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം പി.എം കിസാൻ സമ്മാൻനിധി അനധികൃതമായി വാങ്ങിയവരെ കുരുക്കാനും അര്‍ഹരാണെങ്കിലും ഒഴിവായവരെ കൂട്ടിച്ചേര്‍ക്കാനും വില്ലേജ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ വരുന്നു.

കേന്ദ്ര കൃഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. 3 വില്ലേജുകള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവരെ നോഡല്‍ ഓഫീസറായി നിയമിച്ചുതുടങ്ങി.

അപേക്ഷിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവര്‍, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാത്തവര്‍ എന്നിവരെ നേരില്‍ക്കണ്ട് നടപടി സ്വീകരിക്കുക, ഗ്രാമസഭയും തപാല്‍, ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ച്‌ പുരോഗതി വിലയിരുത്തുക തുടങ്ങിയവയാണ് നോഡല്‍ ഓഫീസറുടെ ചുമതല.

ജനുവരി 15 നകം നടപടി

ഭൂരേഖയിലെ അപാകതയും മറ്റു സാങ്കേതികപ്രശ്നങ്ങളും കാരണം സംസ്ഥാനത്ത് 11 ലക്ഷം പേര്‍ പദ്ധതിയില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്ന് വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ 4 ലക്ഷത്തിലധികം പേര്‍ക്ക് ആനുകൂല്യം പുന:സ്ഥാപിച്ചു. ജനുവരി 15 നകം പരിശോധനയും നടപടികളും മുഴുവൻ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം പണം കൈപ്പറ്റിയ അനര്‍ഹരെയും കണ്ടെത്തും.

സംസ്ഥാനത്ത് വലിയ തുക ആദായനികുതി നല്‍കുന്നവരും പി.എം കിസാൻ സമ്മാൻനിധി വാങ്ങിയതായി കണ്ടെത്തിയിരുന്നു. നിലവില്‍ അനര്‍ഹരായി കണ്ടെത്തിയ 10,808 ഗുണഭോക്താക്കളില്‍ നിന്ന് ആദായ നികുതി അടക്കുന്നവരായി കണ്ടെത്തിയ 21,029 ഗുണഭോക്താക്കളില്‍ നിന്ന് അവര്‍ അനര്‍ഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണ്.

കിസാൻ സമ്മാൻനിധി

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് കിസാൻ സമ്മാൻനിധി നടപ്പാക്കിയത്. പി.എം കിസാൻ പദ്ധതിയനുസരിച്ച്‌ രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000രൂപ അക്കൗണ്ടില്‍ ലഭിക്കും. 2000രൂപ വീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ സംസ്ഥാനത്തുനിന്ന് 37.1 ലക്ഷം അപേക്ഷകരാണുള്ളത്. 2022 ഏപ്രില്‍വരെ പത്ത് ഗഡുക്കള്‍ക്കായി 6426.30 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയിട്ടുണ്ട്.

തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

അനധികൃതമായി പണം കൈപ്പറ്റിയവര്‍ തിരിച്ചടയ്ക്കാതിരുന്നാല്‍ റവന്യൂ റിക്കവറി വഴി നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ജില്ലയില്‍ 2079 പേര്‍ അനധികൃതമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് അതാത് കൃഷി ഭവനുകള്‍ വഴി നോട്ടീസ് അയച്ചുതുടങ്ങി. നോട്ടീസ് ലഭിച്ച്‌ ഏഴ്‌ദിവസത്തിനകം വിശദീകരണവും 15 ദിവസത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണമെന്നുമാണ് കൃഷി വകുപ്പ് നല്കുന്ന നോട്ടീസില്‍ പറയുന്നത്.

ജില്ലയില്‍ 2079 പേര്‍ അനധികൃതമായി പണം കൈപ്പറ്റി

സംസ്ഥാനത്ത് 37.1 ലക്ഷം അപേക്ഷകര്‍

6426.30 കോടി രൂപ വിതരണം ചെയ്തു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *