തലശ്ശേരി: ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവും പൊലീസ് ഉന്നയിച്ചു. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ നല്കിയ ഹരജിയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
വ്ലോഗര്‍ സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയിന്മേലുള്ള വാദത്തിലാണ് ഇവര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന സംശയം പൊലീസ് ഉന്നയിച്ചത്. കഞ്ചാവ് ചെടികള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ദൃശ്യങ്ങള്‍ യൂ ട്യൂബ് ചാനലിലൂടെ പ്രതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതടക്കം, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സൈബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും പൊലീസ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന കലാപ ആഹ്വാനത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹരജിയില്‍ പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.