ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒപി ആരംഭിച്ചു

February 9, 2022
313
Views

ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം കയറ്റിവച്ചത് പോലുള്ള തോന്നല്‍, തലവേദന, തലകറക്കം, ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന നീര്‍വീക്കം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ കൃത്യമായും ഇ സഞ്ജീവനി ഒ.പി. സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി പോസ്റ്റ് കൊവിഡ് ഒ.പി വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നത്. ഒപി തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ആദ്യ ദിവസം തന്നെ നൂറിലധികം പേരാണ് പോസ്റ്റ് കൊവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഇതുകൂടാതെ കൊവിഡ് ഒപിയില്‍ രോഗികള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ലഭിച്ച ടോക്കണ്‍ നമ്പര്‍ ചേര്‍ത്ത് പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *