തൃക്കാക്കര: അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിനായി വന്‍ തുക തൃക്കാക്കര നഗരസഭ ധൂര്‍ത്തടിച്ചെന്ന് പ്രതിപക്ഷം. മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കരുതെന്ന് 7അന്ത്യാഭിലാഷത്തില്‍ പി ടി തോമസ് വ്യക്തമാക്കിയിട്ടും പൂക്കള്‍ വാങ്ങാന്‍ വേണ്ടി മാത്രം ഒരുലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് കോണ്‍ഗ്രസ് ഭരണസമിതി ചെലവാക്കിയത്. പൊതുദര്‍ശന ദിവസം ചെലവഴിച്ച തുകയില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.
പൊതുദര്‍ശനം നടന്ന തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ 1,27,000 രൂപയുടെ പൂക്കളാണ് നഗരസഭ എത്തിച്ചത്. 1,17,000 രൂപ പൂക്കച്ചവടക്കാര്‍ക്ക് അന്നേ ദിവസം തന്നെ നല്‍കി. 35,000 രൂപ ഭക്ഷണത്തിന് ചെലവാക്കി. കാര്‍പെറ്റും മൈക്ക് സെറ്റും മറ്റു ചെലവിനുമായി 4 ലക്ഷത്തിലധികം രൂപ മുടക്കി. പ്രത്യേക പദ്ധതിയായി അനുമതി വാങ്ങാതെ പണം ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.
അതേസമയം പ്രതിപക്ഷ ആരോപണം തള്ളിയ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കിയാണ് പി ടി യെ നഗരസഭ യാത്രയാക്കിയതെന്ന് പറഞ്ഞു. മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കരുതെന്നാണ് പി ടി പറഞ്ഞത് ഹാള്‍ അലങ്കരിക്കുന്നതില്‍ ഇക്കാര്യം ബാധകമല്ലെന്ന് അവര്‍ വ്യക്തമാക്കി. അടിയന്തര നഗരസഭ കൗണ്‍സില്‍ കൂടി പ്രതിപക്ഷത്തിന്റെ സമ്മതോടെയായിരുന്നു പൊതുദര്‍ശനത്തിന് ഒരുക്കങ്ങള്‍ സജ്ജമാക്കിയതെന്ന് അജിത തങ്കപ്പന്‍ പ്രതികരിച്ചു.