കൊവിഡ് അതിരൂക്ഷം; ഇന്ന് മുതല്‍ ജനുവരി പതിനെട്ട് വരെ തമിഴ്‌നാട്ടില്‍ എല്ലാ ആരാധനാലയങ്ങളും അടച്ചിടും

January 14, 2022
156
Views

ചെന്നൈ: കൊവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ജനുവരി 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി.

ലോക്ക്‌ഡൗണില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ 75 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി നല്‍കുക. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ ഒമിക്രോണിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്നും തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാക്സിന്‍ വിതരണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്ത് 64 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചു. 15നും 18നും ഇടയില്‍ പ്രായമുള്ള 74 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ബൂസ്റ്റര്‍ ഡോസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

2021 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച രൂക്ഷ വ്യാപനം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സ്റ്റാലിന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *