പുനീതിന്റെ മരണം; ആത്മഹത്യ ചെയ്തത് ഏഴ് ആരാധകർ: കണ്ണുകൾ ദാനം ചെയ്യണമെന്ന് കുറിപ്പ്

November 5, 2021
167
Views

ബാംഗളൂർ: നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

മരണശേഷം പുനീത് കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. അത്തരത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.

അഭിനേതാവിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊറോണ ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി.

നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു.

മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം. പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടൻ വിശാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *