പഞ്ചാബ് തെരഞ്ഞെടുപ്പ്; സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രധാനമന്ത്രി; അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി

February 19, 2022
101
Views

ന്യൂ ഡെൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയതു. പ്രമുഖ സിഖ് നേതാക്കളുമായി ഇന്നലെയും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

പഞ്ചാബ് പോളിംഗ് സ്റ്റേഷനിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്. താലിബാന്‍ പിടിച്ചെടുത്ത ശേഷം ആക്രമണങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ സിഖ്, ഹിന്ദു പ്രതിനിധികളെയാണ് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി കണ്ടത്.

ഇന്ത്യയിലെ പൗരത്വം, അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളുടെ സംരക്ഷണം തുടങ്ങി ഏറെനാളായി ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് വിവരം.

ഇതിനായി ഒരു ഏക ജാലക സംവിധാനം കൊണ്ടു വന്നേക്കും. ഇന്നലെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതും, സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്തുണ തേടിയിരുന്നു. പഞ്ചാബിലെ വോട്ട് ബാങ്കായ സിഖ് സമുദായത്തെ എങ്ങനെയും അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമം.

കാര്‍ഷക സമരത്തെ തുടര്‍ന്ന് സിഖ് സമുദായത്തിലുണ്ടായ രോഷം, അകാലിദള്‍ സഖ്യമുപേക്ഷിച്ചത് തുടങ്ങിയ വിഷയങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടതായി ബിജെപി കരുതുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിനെതിരെ നടത്തിയ വിമര്‍ശനങ്ങളും തിരിച്ചടിച്ചേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *