മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍.
‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് പുട്ടിന്‍ പറഞ്ഞു. ചൊവ്വാഴ്ച റഷ്യന്‍ തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കില്‍ വെച്ചാണ് മോദിയുടെ നയങ്ങളെ പ്രശംസിച്ചഎട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ റഷ്യന്‍ നിര്‍മിത കാറുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പുട്ടിന്‍.
ആഭ്യന്തരമായി നിര്‍മിച്ച വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേരത്തെ തന്നെ ഇതിന് മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ നേരത്തെ സ്വദേശീയമായി കാറുകള്‍ നിര്‍മിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നു. 1990 കളില്‍ നമ്മള്‍ വളരെയധികം പണം നല്‍കി വാങ്ങിയ മെഴ്‌സിഡീസ്, ഔഡി കാറുകളെക്കാള്‍ ലളിതമായവയാണ് ഇവ. എന്നാല്‍ അതൊരു പ്രശ്‌നമല്ല. ഞാന്‍ പറയുന്നത് ഇന്ത്യ പോലുള്ള നമ്മുടെ കൂട്ടാളികളുമായി കിടപിടിക്കണമെന്നാണ്.
ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനുമാണ്. മെയ്ക് ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യാമാണ് ചെയ്യുന്നത് എന്നാണ്. അദ്ദേഹം ശരിയാണ്. നമുക്ക് റഷ്യന്‍ നിര്‍മിത വാഹനങ്ങള്‍ ഉണ്ട്. അത് നമ്മള്‍ ഉപയോഗിക്കണം’- പുട്ടിന്‍ പറഞ്ഞു.