പെഗാസസ് വിവാദം; തന്റെ ഫോണും ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി

July 23, 2021
165
Views

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ വിവാദ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഫോണുകളെല്ലാം ചോര്‍ത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫോണ്‍ നിരീക്ഷിച്ചതായി തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ഫോണ്‍ അവര്‍ ചോര്‍ത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോര്‍ത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് പ്രത്യേകിച്ച്‌ ഒന്നും കിട്ടാനില്ല.. ഞാന്‍ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ’, രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ ഫോണ്‍ ചോര്‍ത്തുന്ന വിവരം അറിയിച്ചുകൊണ്ട് ഐബി ഉദ്യോഗസ്ഥരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇത് അന്വേഷിക്കപ്പെടണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പെഗാസസ് ചോര്‍ത്തല്‍ അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനും പെഗാസസിനെ അവര്‍ ഉപയോഗിച്ചു. കര്‍ണാടകയില്‍ അത് കണ്ടതാണ്. സുപ്രീം കോടതിക്കെതിരേയും ഉപയോഗിച്ചു. ഇത് അന്വേഷിക്കപ്പെടേണ്ടതാണ്. ആഭ്യന്തര മന്ത്രി രാജിവെക്കുകയാണ് വേണ്ടത്, രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Article Tags:
Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *