ന്യൂഡല്‍ഹി: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന് പിന്നാലെ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി മംഗള്‍സൂത്ര കളക്ഷന്‍റെ വിവാദ പരസ്യം പിന്‍വലിച്ചു.
മോഡലുകള്‍ അര്‍ധ നഗ്നരായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് താലിമാലയുടെ പരസ്യം വിവാദത്തിലായത്. ഇതോടെയാണ് 24 മണിക്കൂറിനകം പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയത്.
ശാക്തീകരണവും അംഗീകാരവുമാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ പരസ്യം സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതില്‍ അതിയായ ദുഃഖമുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിശദീകരണം നല്‍കിയാണ് സബ്യസാചി പരസ്യം പിന്‍വലിച്ചത്.
‘ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ മംഗള്‍സൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. 24 മണിക്കൂറിനുള്ളില്‍ ആക്ഷേപകരമായ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍, അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’ -ഇങ്ങനെയായിരുന്നു മിശ്ര ഞായറാഴ്ച ട്വീറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
മംഗള്‍സൂത്ര ഡിസൈനിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ച ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. താലി ധരിച്ചുകൊണ്ട് മോഡലുകള്‍ അര്‍ധനഗ്നരായി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദമാകാന്‍ കാരണം. പരസ്യത്തില്‍ മംഗള്‍സൂത്രം ഉപയോഗിച്ചതിന് ബി.ജെ.പിയുടെ നിയമകാര്യ ഉപദേഷ്ടാവ് സബ്യസാചി മുഖര്‍ജിക്കെതിരെ നോട്ടീസ് നല്‍കിയിരുന്നു.
കറുത്ത നിറത്തിലുള്ള അടിവസ്ത്രം ധരിച്ച മോഡല്‍ മംഗള്‍സൂത്രം അണിഞ്ഞ് പുരുഷ മോഡലിനോട് അടുത്തിടപഴകി എടുത്ത ഫോട്ടോയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
കറുത്ത ഒാനിക്സും പേളും 18 കാരറ്റ് സ്വര്‍ണവും ചേര്‍ത്താണ് മംഗള്‍സൂത്രം നിര്‍മിച്ചത്. 1,65,000 രൂപയാണ് ഇതിന്‍റെ വില.