ഒളിംപിക്‌സ്: നിരാശ മാത്രമായി പുരുഷ ബോക്‌സിംഗ്; സതീഷ് കുമാര്‍ പുറത്ത്

August 1, 2021
140
Views

ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗത്തിലെ 91 കിലോയിൽ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ചാമ്പ്യനായ ഉസ്‌ബക്ക് താരം ബാക്കോദിര്‍ ജലോലോവിനോട് തോറ്റു. അഞ്ച് ജഡ്ജസിന്‍റെ വിധിനിര്‍ണയവും ഇന്ത്യന്‍ താരത്തിന് എതിരായി. പരിക്ക് അവഗണിച്ചാണ് സതീഷ് മത്സരിക്കാനിറങ്ങിയത്.

ഇതോടെ പുരുഷവിഭാഗത്തിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മനീഷ് കൗഷിക്, വികാസ് കൃഷ്‌ണന്‍, ആഷിഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ഇനി സാധ്യത വനിതകളിൽ ലവ്‍‍ലിന ബോര്‍ഗോഹെയിന് മാത്രം ആണ്. ബുധനാഴ്‌ചയാണ് ലവ്‌ലിനയുടെ സെമിഫൈനൽ. 

അതേസമയം വനിതാ ബാഡ്‌മിന്‍റണില്‍ വെങ്കല മെഡലിനായി പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് താരമാണ് എതിരാളി. മത്സരം വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് സിന്ധു. റിയോയില്‍ സിന്ധു വെള്ളി മെ‍ഡല്‍ നേടിയിരുന്നു. 

ഹോക്കിയാണ് ഇന്ത്യന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു ഇനം. സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. 1980ന് ശേഷം ആദ്യ മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ എതിരാളികൾ ബ്രിട്ടനാണ്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡലിനുള്ള മത്സരത്തിൽ ബ്രിട്ടനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മൻപ്രീതും സംഘവും ഇറങ്ങുന്നത്. വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി തുടങ്ങുക. അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യ നാളെ ക്വാര്‍ട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. 

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *