കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാടും കര്‍ണാടകയും, വാക്സിനെടുത്താലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

August 1, 2021
140
Views

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കേരളത്തില്‍ നിന്നെത്തുന്നവരില്‍ വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ബംഗളൂരു റെയില്‍വേ സ്റ്റേഷനിലടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച്‌ കൊവിഡില്ലെന്ന് ഉറപ്പാക്കിയശേഷമേ യാത്രക്കാരെ റെയില്‍വെ സ്റ്റേഷന് പുറത്തേക്ക് വിടൂ.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബംഗളൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. കോളേജുകള്‍ തുറന്നതോടെ കര്‍ണാടകയിലേക്ക് എത്തിച്ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി. കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണ കന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ കുഴക്കി. കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറയുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കുമോ എന്ന ആശങ്കയും കനക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം കോയമ്ബത്തൂര്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധമാക്കി . രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി. ഇതുതരണ്ടും കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ പരിശോധനയ്ക്ക് വിധേയരാകണം.

വാളയാര്‍ ഉള്‍പ്പടെ കോയമ്ബത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കോയമ്ബത്തൂര്‍ ഭരണകൂടം മാത്രമാണ് തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കോയമ്ബത്തൂരിലെയും നീലഗിരിയുടെയും അതിര്‍ത്തികളില്‍ മാത്രമാണ് കടുകട്ടി നിയന്ത്രണങ്ങള്‍ ഉള്ളത്. മറ്റിടങ്ങളില്‍ സഞ്ചരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ പാസ് മാത്രം മതി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *