സൗദിയില്‍ ബസ് സര്‍വിസിന് വിദേശ കമ്ബനികള്‍ക്ക് ലൈസൻസ്

October 17, 2023
36
Views

സൗദി അറേബ്യയില്‍ ബസ് സര്‍വിസ് നടത്താൻ വിദേശ കമ്ബനികള്‍ക്ക് ലൈസൻസ് നല്‍കുന്നു.

യാംബു: സൗദി അറേബ്യയില്‍ ബസ് സര്‍വിസ് നടത്താൻ വിദേശ കമ്ബനികള്‍ക്ക് ലൈസൻസ് നല്‍കുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര സര്‍വിസിന് ലൈസൻസ് ലഭിച്ച മൂന്ന് കമ്ബനികളുടെ ബസുകള്‍ ഓടിത്തുടങ്ങി.

രാജ്യത്തെ മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച്‌ 200 നഗരങ്ങളെ ബന്ധിപ്പിച്ച്‌ 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ബസ് സര്‍വിസ്.

വടക്കൻ സൗദിയില്‍ ദര്‍ബ് അല്‍ വതൻ, വടക്കുപടിഞ്ഞാറൻ മേഖലയില്‍ നോര്‍ത്ത് വെസ്‌റ്റ് കമ്ബനി, തെക്കൻ മേഖലയില്‍ സാറ്റ് എന്നീ കമ്ബനികളാണ് ബസ് സര്‍വിസുകള്‍ ആരംഭിച്ചത്. ദര്‍ബ് അല്‍വതൻ കമ്ബനി 26 റൂട്ടുകളില്‍ 75ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച്‌ ദിവസേന 124 സര്‍വിസുകള്‍ നടത്തും. നോര്‍ത്ത് വെസ്റ്റ് ബസ് കമ്ബനി 23 റൂട്ടുകളില്‍ 70ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച്‌ പ്രതിദിനം 190 സര്‍വിസുകളും സാറ്റ് 27 റൂട്ടുകളില്‍ 80ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച്‌ ദിവസേന 178 സര്‍വിസുകളാണ് നടത്തുന്നത്.

18 ലക്ഷം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം, യാംബു, ജുബൈല്‍, ഹഫര്‍ അല്‍ബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്റ്റേഷനുകളും ഏഴ് പ്രധാന സ്റ്റേഷനുകളും പുതിയ സര്‍വിസ് ശൃംഖലയുടെ ഭാഗമാകും. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയാണ് ബസുകള്‍ ഓടുന്നത്.

സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് പൊതുഗതാഗത വികസനം. സൗദി പബ്ലിക് ട്രാൻസ്‌പോര്‍ട്ട് കമ്ബനിയാണ് (സാപ്റ്റ്കോ) നിലവില്‍ നഗരങ്ങള്‍ക്കിടയില്‍ ബസ് സര്‍വിസ് നടത്തുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *