ശര്‍ക്കരയില്ല; അരവണ വില്‍പ്പനയ്‌ക്ക്‌ നിയന്ത്രണം

December 25, 2023
39
Views

ശര്‍ക്കര എത്താന്‍ വൈകുന്നതു മൂലം പ്രധാന പ്രസാദമായ അരവണ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ശബരിമല: ശര്‍ക്കര എത്താന്‍ വൈകുന്നതു മൂലം പ്രധാന പ്രസാദമായ അരവണ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ മുതലാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

ഒരു തീര്‍ഥാടകന്‌ അഞ്ച്‌ ബോട്ടില്‍ അരവണ മാത്രമാണു നല്‍കുന്നത്‌. ഇതു തീര്‍ഥാടകരുടെ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. വലിയ അളവില്‍ പ്രസാദം വാങ്ങാന്‍ എത്തുന്ന ഇതര സംസ്‌ഥാന തീര്‍ഥാടകരാണു നിയന്ത്രണം മൂലം ബുദ്ധിമുട്ടുന്നത്‌. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകള്‍ക്ക്‌ മുമ്ബില്‍ വന്‍ തിക്കും തിരക്കുമാണ്‌. നേരത്തെ അരവണയ്‌ക്ക്‌ ഒരാള്‍ മാത്രം നിന്നിടത്ത്‌ നിയന്ത്രണം വന്നതോടെ ആ തീര്‍ഥാടക സംഘത്തിലെ എല്ലാവരും ക്യൂ നില്‌ക്കുന്ന സ്‌ഥിതിയായി. അരവണയ്‌ക്കായി മണിക്കൂറുകള്‍ ക്യൂ നില്‌ക്കേണ്ട സ്‌ഥിതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. പ്രസാദ നിര്‍മാണത്തിന്‌ ആവശ്യമായ ശര്‍ക്കര എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്ബനി സമയബന്ധിതമായി എത്തിക്കാത്തത്‌ അരവണ ഉല്‌പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു.
മഹാരാഷ്‌ട്രയില്‍നിന്നാണു കരാറുകാരന്‍ ശര്‍ക്കര എത്തിക്കുന്നത്‌. ഇപ്പോള്‍ 2.80 ലക്ഷം കണ്ടെയ്‌നറാണു സ്‌റ്റോക്കുള്ളത്‌. തിരക്കേറിയതോടെ കഴിഞ്ഞ ഒരാഴ്‌ചയായി വലിയ തോതില്‍ അരവണ വിറ്റ്‌ പോകുന്നുണ്ട്‌. ദിവസവും മൂന്ന്‌ ലോറി ശര്‍ക്കര (90 ടണ്‍) എത്തിക്കണമെന്നാണു കരാര്‍ നിബന്ധന. ഒരു ദിവസം അരവണ, അപ്പ നിര്‍മാണത്തിനായി 50 ടണ്‍ ശര്‍ക്കയാണ്‌ ആവശ്യമായി വരുന്നത്‌. ശര്‍ക്കര എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ കണ്‍സ്യൂമര്‍ ഫെഡുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയായില്ല. മഹാരാഷ്‌ട്രയിലെ പാടങ്ങളില്‍ കരിമ്ബ്‌ ക്ഷാമം രൂക്ഷമായതും ശര്‍ക്കര ഉത്‌പാദനത്തെ ബാധിച്ചിട്ടുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്നും അടക്കം ശര്‍ക്കര എത്തിച്ച്‌ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം നടത്തിയിരുന്നു. ഇതും നടപ്പിലാകാതെ വന്നതോടെയാണ്‌ അരവണ വില്‌പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായത്‌. മഹാരാഷ്‌ട്രയില്‍നിന്ന്‌ കൂടുതല്‍ ലോഡ്‌ എത്തുന്നതോടെ പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്ന്‌ ദേവസ്വം അധികൃതര്‍ പറയുന്നു.

കനത്ത തിരക്ക്‌: ഇടത്താവളങ്ങളിലും തീര്‍ഥാടകരെ തടയുന്നു

ശബരിമല: മണ്ഡല പൂജയ്‌ക്ക്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത്‌ തിരക്ക്‌ വര്‍ധിച്ചു. തീര്‍ഥാടക വാഹനങ്ങള്‍ ഇടത്താവളങ്ങളില്‍ തടഞ്ഞ്‌ ടോക്കണ്‍ നല്‍കി വിടുകയാണ്‌. ക്രിസ്‌മസ്‌ അവധിക്കാലമായതോടെ കുട്ടികളാണ്‌ കൂടുതലായി എത്തുന്നത്‌. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്‌. എരുമേലി, അഴുത, കല്ലിടാംകുന്ന്‌ കാനനപാതകള്‍ വഴിയുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. ഇതേത്തുടര്‍ന്നു തീര്‍ഥാടകരെ കടത്തിവിടുന്ന സമയം ദീര്‍ഘിപ്പിച്ചു. അഴുതയില്‍നിന്ന്‌ നാലു മണി വരെയും മുക്കുഴിയില്‍നിന്ന്‌ 4.30 വരെയും തീര്‍ത്ഥാടകരെ കടത്തിവിടാന്‍ ഇടുക്കി ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നിര ശബരീപീഠം വരെ എത്തി. 12 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണു പലര്‍ക്കും ദര്‍ശനം സാധ്യമായത്‌. ക്യൂ കോംപ്ലക്‌സുകളില്‍ രണ്ടരയും മൂന്നും മണിക്കൂര്‍ ക്യൂ നില്‌ക്കേണ്ടതായി വന്നു. ഇന്നലെ വൈകിട്ട്‌ ആറ്‌ വരെ 71,428 പേരാണ്‌ ദര്‍ശനം നടത്തിയത്‌.പുല്ലുമേട്‌ വഴി 4302 തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തി. എരുമേലി അഴുതക്കടവ്‌ വഴി ഇന്നലെ 4822 പേര്‍ ദര്‍ശനത്തിനെത്തി.
തിരുമുറ്റം തീര്‍ത്ഥാടകരെ കൊണ്ട്‌ നിറഞ്ഞു. മാളികപ്പുറം ഭാഗത്തും വലിയ തിരക്ക്‌ ആണ്‌ അനുഭവപ്പെട്ടത്‌. അപ്പം, അരവണ കൗണ്ടറുകള്‍ക്ക്‌ മുന്നിലും വന്‍തിരക്കാണ്‌. ഇന്നും തിരക്ക്‌ കൂടാനാണു സാധ്യത. തീര്‍ഥാടകരെ കലഞ്ഞൂരിലെയും പത്തനംതിട്ടയിലെയും ഇടത്താവളങ്ങളില്‍ തടഞ്ഞു. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ തിരക്ക്‌ കുറയുന്ന മുറയ്‌ക്കാണ്‌ ഇവരെ കടത്തി വിട്ടുകൊണ്ടിരുന്നത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *