‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ ചേര്‍ത്തല നാടുവാഴിയായി ശിവജി ഗുരുവായൂര്‍

February 14, 2022
285
Views

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’ . വിനയന്റെ പുതിയ ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നവോത്ഥാന നായകന്‍മാരുടെ കഥയാണ് പറയുന്നത്. ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയന്‍.

ശിവജി ഗുരുവായൂര്‍ അഭിനയിക്കുന്ന ‘ചേര്‍ത്തല നാടുവാഴി’യെ ആണ് പുതിയ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ നവോത്ഥാനപ്പോരാട്ടങ്ങള്‍ക്കും മാറുമറയ്ക്കല്‍ സമരത്തിനും ഒക്കെ പേരുകേട്ട നാടാണ് ചേര്‍ത്തല. ദിവാനോ മറ്റ് അധികാരികള്‍ക്കോ ഇല്ലാത്ത രോഷവും വെറുപ്പും അടിയാള വര്‍ഗ്ഗത്തോടു വച്ചുപുലര്‍ത്തിയിരുന്ന ചേര്‍ത്തല നാടുവാഴി ആ വിഭാഗത്തിന് തന്നെ ഒരു പേടിസ്വപ്‌നമായിരുന്നു. ആറാട്ടു പുഴയില്‍ നിന്ന് സാഹസികനും തികഞ്ഞ അഭ്യാസിയുമായ വേലായുധച്ചേകവര്‍ അധസ്ഥിത വിഭാഗത്തിനു വേണ്ടി പോരാട്ടം നടത്തുന്നതു തടയാന്‍ അധികാരവര്‍ഗ്ഗം നടത്തിയ ഗൂഢാലോചനയില്‍ പ്രധാന പങ്കു വഹിച്ച ആളാണ് ചേര്‍ത്തല നാടുവാഴി. ശിവജി ഗുരുവായൂര്‍ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ആ കഥാപാത്രത്തെ മിഴിവുറ്റതാക്കിയെന്ന് വിനയന്‍ എഴുതിയിരിക്കുന്നു.

ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ബാനര്‍. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

സന്തോഷ് നാരായാണനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രമായി സിജു വില്‍സണ്‍ അഭിനയിക്കുന്നു. അനൂപ് മേനോന്‍, കയദു ലോഹര്‍, സുദേവ് നായര്‍, കൃഷ്ണ, പൂനം ബജ്‌വ, സുധീര്‍ കരമന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *